ദില്ലി: അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസിലുയരുന്ന ഭിന്നത മറികടക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി നേതാക്കൾ. യുവാക്കളുടെ പ്രതിഷേധം തണുപ്പിക്കാന്‍ അധ്യക്ഷനൊപ്പം ഉപാധ്യക്ഷനെ കൂടി നിയമിക്കണമെന്ന ഫോര്‍മുലയാണ് പാര്‍ട്ടിയിലുയരുന്നത്.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് വേണ്ടി അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഒരു വശത്ത് നിലയുറപ്പിച്ചപ്പോൾ അധ്യക്ഷ പദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റിനായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രം​ഗത്തെത്തി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് അധ്യക്ഷ പദവിയിലേക്ക് ജ്യോതിരാദിത്യ സിന്ധ്യയും കരുനീക്കം നടത്തുന്നുണ്ട്‌‌‌‌‌‌‌‌‌‌‌. കര്‍ണ്ണാടകത്തിലെ പ്രതിസന്ധിയിലേക്ക് തല്‍ക്കാലം ശ്രദ്ധ തിരിഞ്ഞെങ്കിലും അധ്യക്ഷ പദവിയെ ചൊല്ലിയുള്ള ഭിന്നത കോണ്‍ഗ്രസില്‍ രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ചില മുതിര്‍ന്ന നേതാക്കള്‍ തര്‍ക്ക പരിഹാര ഫോര്‍മുലകള്‍ മുന്നോട്ട് വയ്ക്കുന്നത്. 

പുതിയ അധ്യക്ഷനൊപ്പം ഉപാധ്യക്ഷനേയും നിയോഗിക്കുക എന്ന ആവശ്യമാണ് നേതാക്കൾ ഉന്നയിക്കുന്നത്. മുതിര്‍ന്ന നേതാവ് അധ്യക്ഷ പദവിയിലേക്കെത്തിയാല്‍ യുവത്വത്തിന് ഉപാധ്യക്ഷ പദം ലഭിക്കുമെന്നും അതുവഴി യുവനേതാക്കളുടെ അതൃപ്തി പരിഹരിക്കാനാകുമെന്നുമാണ് കണക്കു കൂട്ടല്‍. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിയും വരെ ഇടക്കാല അധ്യക്ഷന് ചുമതല നല്‍കി നാല് മേഖലകളില്‍ വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍ക്ക് ചുമതല നല്‍കുക എന്ന നിർദ്ദേശവും നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ചര്‍ച്ചകളില്‍ ഭാഗമല്ലെങ്കിലും നേതൃപദവിയെ ചൊല്ലിയുള്ള ഭിന്നത നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം എംപിമാരെ കണ്ട രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പ്രതിസന്ധിയെ കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. അതേസമയം പ്രവര്‍ത്തക സമിതി എന്ന് ചേരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകളില്‍ ഹാജരായി ജാമ്യം എടുക്കുന്ന തിരക്കിലാണ് രാഹുല്‍. ഇതിനിടെ നാളെ അദ്ദേഹം അമേത്തി സന്ദര്‍ശിക്കും. സ്മൃതി ഇറാനിയോട് തോറ്റ ശേഷം ആദ്യമായി അമേത്തിയിലെത്തുന്ന രാഹുല്‍ അവിടെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുമെന്നാണ് സൂചന.