ഉദയനിധി സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ യുവതികൾ അവതരിപ്പിച്ച നൃത്തം വിവാദമായി. മന്ത്രി എസ് പെരിയകറുപ്പൻ നൃത്തം ആസ്വദിക്കുന്ന വീഡിയോ വൈറലായതോടെ, ഇത് തമിഴ് സംസ്കാരത്തിന് അപമാനമാണെന്ന് ആരോപിച്ച് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി.
ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിന് ചിയര്‍ ഗേൾസ് മാതൃകയിലുള്ള നൃത്തം. യുവതികളുടെ നൃത്ത വീഡിയോയിൽ തമിഴ്‌നാട് മന്ത്രിയും പ്രത്യക്ഷപ്പെട്ടത് വിവാദമായി. മന്ത്രി എസ് പെരിയകറുപ്പൻ നൃത്തം ചെയ്യുന്ന യുവതികളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ആസ്വദിക്കുന്നതുമായുള്ള വീഡിയോയാണ് വൈറലായത്. ശിവഗംഗ ജില്ലയിൽ നടന്ന ഉദയനിധി സ്റ്റാലിൻ്റെ ജന്മദിനാഘോഷത്തിനിടെയാണ് നൃത്ത പരിപാടി അവതരിപ്പിക്കാൻ യുവതികളെ കൊണ്ടുവന്നത്.
സംഭവത്തിൽ തമിഴ്‌നാട് മന്ത്രിയെ രൂക്ഷമായി വിമർശിച്ച് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി. ഇത് തമിഴ് സംസ്കാരത്തെയും സ്ത്രീകളുടെ അന്തസ്സിനെയും നശിപ്പിക്കുന്നതിന്' തുല്യമാണെന്ന് ബി ജെപി. ആരോപിച്ചു. "വിനോദത്തിനും ആഹ്ലാദത്തിനും വേണ്ടി മാത്രം ഒരു സർക്കാർ പദവി എന്തിനാണ് ഏറ്റെടുക്കുന്നത്? യാതൊരു യോഗ്യതയുമില്ലാത്ത ഒരാൾ ഉപമുഖ്യമന്ത്രിയുടെ സ്ഥാനത്ത് വരുന്നത് പാരമ്പര്യ പിന്തുടർച്ചയുടെ മാത്രം അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിൻ്റെ ജന്മദിനം മുതിർന്ന മന്ത്രിമാർ ആഘോഷിക്കുന്നത് വിധേയത്വത്തിൻ്റെ അങ്ങേയറ്റമല്ലേ? എന്ന് തമിഴ്നാട് ബിജെപി എക്സിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ഇത്തരം പരിപാടികളെ അശ്ലീല പ്രദർശനമാക്കി മാറ്റുകയും അതിനെ പ്രശംസിക്കുകയും ചെയ്യുന്നത് എത്ര വലിയ അപമാനമാണ്? ആത്മാഭിമാനത്തെക്കുറിച്ചോ യുക്തിപരമായ ചിന്തയെക്കുറിച്ചോ സംസാരിക്കാൻ ഇത്തരക്കാർക്ക് യോഗ്യതയുണ്ടോ എന്നും അർദ്ധനഗ്ന വേഷത്തിൽ സ്ത്രീകളെ വിളിച്ചുവരുത്തി നൃത്തം ചെയ്യിപ്പിച്ച് ആസ്വദിക്കുന്ന ഡിഎംകെ നേതാക്കളെ സ്ത്രീകൾ എങ്ങനെയാണ് വിശ്വസിക്കുക' എന്നും ബിജെപി ചോദിച്ചു.
വിമർശനം തള്ളി ഡിഎംകെ
എന്നാൽ, നൃത്തം ചെയ്യാൻ മന്ത്രി ആവശ്യപ്പെട്ടുവെന്ന തരത്തിൽ പ്രചിരിക്കുന്ന ആരോപണം നിഷേധിക്കുന്നതായി ഡിഎംകെ പ്രതികരിച്ചു. സ്ത്രീകൾ സ്വയം സ്റ്റേജിൽ നിന്ന് ഇറങ്ങിവന്ന് മന്ത്രിയുടെ മുന്നിൽ നൃത്തം ചെയ്യുകയായിരുന്നുവെന്നാണ് ഡിഎംകെ. വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എഐഎഡിഎംകെയും ഇത്തരം നൃത്തപരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും ഡിഎംകെ. വൃത്തങ്ങൾ ആരോപിച്ചു. ഇത് ഡിഎംകെയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്നായിരുന്നു എഐഎഡിഎംകെ തിരിച്ചടി. പെരിയകറുപ്പൻ സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പെന്നത് ഇതാദ്യമല്ല. പത്ത് വർഷം മുൻപ് അദ്ദേഹം തീര്‍ത്തും അധാര്‍മകമായ ഒരു പ്രവർത്തിയിൽ ഏർപ്പെടുകയും ആ വീഡിയോ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പുറത്തുവരികയും ചെയ്തിരുന്നു എന്ന് എഐഎഡിഎംകെ. വക്താവ് കോവൈ സത്യൻ പ്രതികരിച്ചു. ഡിഎംകെ സ്ത്രീകൾക്ക് അന്തസ്സ് നൽകാത്തതിൻ്റെ തെളിവാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.


