സിമന്റ് ഫാക്ടറിയുടെ കോംപൗണ്ടിന് പുറത്തേക്ക് യുവാവ് എത്തുമ്പോഴാണ് എതിർ ദിശയിൽ നിന്ന് സിംഹം മുന്നിലേക്ക് നടന്ന് എത്തുന്നത്
ജുനാഗഡ്: രാത്രി നടക്കാനിറങ്ങിയ യുവാവിന്റെ മുന്നിൽ എത്തിയത് സിംഹം. തൊട്ട് മുന്നിൽ അപ്രതീക്ഷിതമായി മനുഷ്യനെ കണ്ട് ഞെട്ടി സിംഹം. പിന്നാലെ രണ്ട് പേരും രണ്ട് ദിശയിൽ ഓടി രക്ഷപ്പെട്ടു. ചെറിയൊരു ട്വിസ്റ്റ് വന്നാൽ പോലും അപകട വാർത്തയാവാമായിരുന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചിരി പടർത്തി വൈറലാവുകയാണ്. ഗുജറാത്തിലെ ജുനാഗഡിൽ നിന്നുള്ളതാണ് വീഡിയോ. സിമന്റ് ഫാക്ടറി പരിസരത്ത് നടക്കുന്നതിനിടെയാണ് യുവാവ് സിംഹത്തിന്റെ മുന്നിൽ ചെന്ന് ചാടുന്നത്. വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് വീഡിയോ. ജനവാസ മേഖലയിൽ ഇറങ്ങിയ സിംഹം വളരെ അപ്രതീക്ഷിതമായാണ് മനുഷ്യന് മുന്നിൽ എത്തുന്നത്. ജോലി കഴിഞ്ഞ ശേഷം സാധാരണ രീതിയിൽ നടക്കാനിറങ്ങിയതായിരുന്നു യുവാവ്. നായകൾ കുരയ്ക്കുന്ന ശബ്ദം യുവാവിനെ ആശങ്കപ്പെടുത്തുന്നതായി വീഡിയോയിൽ കാണാൻ കഴിയില്ല. വന്യമൃഗത്തിന് മുന്നിൽപ്പെട്ടാൽ ജീവൻ നഷ്ടമാകുന്നതും ഗുരുതര പരിക്കേൽക്കുന്നതും പതിവ് കാഴ്ചയാവുന്നതിനിടെയാണ് ഈ പുതിയ സംഭവം.
സിമന്റ് ഫാക്ടറിയുടെ കോംപൗണ്ടിന് പുറത്തേക്ക് യുവാവ് എത്തുമ്പോഴാണ് എതിർ ദിശയിൽ നിന്ന് സിംഹം മുന്നിലേക്ക് നടന്ന് എത്തുന്നത്. പെട്ടന്ന് മനുഷ്യനെ മുന്നിൽ കണ്ട് സിംഹവും സിംഹത്തെ കണ്ട് യുവാവും ഭയന്നു. സെക്കന്റുകൾ പോലും പാഴാക്കാതെ ഇരുവരും രണ്ട് ദിശയിൽ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നടക്കുന്നതിനിടയിൽ ഇരുവർക്കും ഇടയിൽ സുരക്ഷാ ജിവനക്കാരുടെ മുറി ഉൾപ്പെടുന്ന കെട്ടിടം ഉണ്ടായതാണ് യുവാവിന് രക്ഷയായത്. അല്ലാത്ത പക്ഷം യുവാവിനെ ദൂരെ നിന്ന് സിംഹം കണ്ടിരുന്നെങ്കിൽ മനുഷ്യ മൃഗ ഏറ്റുമുട്ടലിന്റെ മറ്റൊരു കാഴ്ചയാവുമായിരുന്ന ഈ സംഭവവും.
വലിയ രീതിയിലുളള പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നായ കുരയ്ക്കുന്ന ശബ്ദം രാത്രിയിൽ മുന്നറിയിപ്പ് പോലെ മനുഷ്യർ പരിഗണിക്കണമെന്നാണ് വീഡിയോയ്ക്ക് ഏറിയ പങ്കും ആളുകളും പ്രതികരിക്കുന്നത്. മനുഷ്യമൃഗ സംഘർഷം പതിവാകുന്ന മേഖലകളിൽ രാത്രികളിൽ ഇത്തരം അലസ സഞ്ചാരത്തിന് മുതിരരുതെന്നും ആളുകൾ വീഡിയോയ്ക്ക് പ്രതികരിക്കുന്നുണ്ട്. മനുഷ്യനെ ഭയക്കാൻ സിംഹത്തിന് മറ്റൊരു കാരണം കൂടിയെന്നാണ് വിഡിയോയ്ക്ക് മറ്റൊരാൾ പ്രതികരിക്കുന്നത്. പുള്ളിപ്പുലികൾ പതിവായി എത്താറുള്ള മേഖല കൂടിയാണ് ഇത്.


