കര്‍ഷക പ്രക്ഷോഭത്തിന്റെ ആദ്യ രാഷ്ട്രീയ വിജയമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് നേടാനായത്. എട്ട് കോര്‍പ്പറേഷനുകളില്‍ ഏഴിലും അവശ്വസനീയ മുന്നേറ്റമാണ് കോണ്‍‌ഗ്രസ് നടത്തിയത്

ഛണ്ഡീഗഡ്: പഞ്ചാബിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു. ഫരീദ്‌കോട്ടിലാണ് സംഭവം.34 കാരനായ ഗുരുലാൽ സിങ്ങാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഗുരുലാലിന് നേർക്ക് അക്രമി സംഘം പത്ത് റൗണ്ട് വെടിയുതിർത്തു. ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഗുരുലാൽ സിങിനെതിരായ ആക്രമണം.

കര്‍ഷക പ്രക്ഷോഭത്തിന്റെ ആദ്യ രാഷ്ട്രീയ വിജയമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് നേടാനായത്. എട്ട് കോര്‍പ്പറേഷനുകളില്‍ ഏഴിലും അവശ്വസനീയ മുന്നേറ്റമാണ് കോണ്‍‌ഗ്രസ് നടത്തിയത്. ബിജെപി കോട്ടയായ പത്താന്‍ കോട്ടും, ഹോഷിയാര്‍പൂരിലും വിള്ളല്‍ വീഴ്ത്തിയ കോണ്‍ഗ്രസ് 53 വര്‍ഷങ്ങള്‍ക്ക് ശേഷം ശിരോമണി അകാലിദളില്‍ നിന്ന് ബട്ടിന്റയും പിടിച്ചെടുത്തു.കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച ഹര്‍സിമ്രത് കൗറിന്‍റെ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശമാണ് ബട്ടിന്റ.

ശിരോമണി അകാലിദളിന്‍റെ മറ്റൊരു ശക്തി കേന്ദ്രമായ ഗുരുദാസ് പൂരിലെ 11 സീറ്റുകളിലും കോണ്‍ഗ്രസ് അധിപത്യം നേടി. കോര്‍പ്പറേഷനുകളിലും നഗര പഞ്ചായത്തുകളിലും ശിരോമണി അകാലിദള്‍ രണ്ടാമതെത്തിയപ്പോള്‍ ബിജെപി ചിത്രത്തിലേ ഇല്ല. ജോഗ നഗര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ 12 ഇടത്ത് സിപിഐ സ്വതന്ത്രര്‍ വിജയിച്ചു. ബിജെപി സഖ്യം ഉപേക്ഷിച്ചെങ്കിലും ശിരോമണി അകാലിദളിനെയും ജനം തളളിയെന്ന് ഫലം വ്യക്തമാക്കുകയാണ്. കര്‍ഷകരെ പിന്തുണച്ച് തുടക്കം മുതല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഒപ്പം നിന്നതും, കേന്ദ്രത്തിന്‍റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം തള്ളിയതുമാണ് കോണ്‍ഗ്രസിന് തുണയായത്.