Asianet News MalayalamAsianet News Malayalam

മുഹൂര്‍ത്തം കാത്ത് നിന്നു, താലി തട്ടിപ്പറിച്ച് വധുവിന്‍റെ കാമുകന്‍; കല്യാണ പന്തലില്‍ വാക്കേറ്റം, 'തല്ല് മാല'

പൂജാരി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി താലി വരന് കൈമാറുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. വേദിക്കടുത്ത് നിന്നിരുന്ന യുവാവ് പൂജാരിയുടെ കൈയ്യില്‍ നിന്നും താലി തട്ടിപ്പറിച്ചു. പിന്നീട് മണ്ഡപത്തിലേക്ക് കയറി വധുവിന്‍റെ കഴുത്തില്‍ അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

Youth crashes lover s wedding and tries to tie thali at Tamil Nadu
Author
First Published Sep 10, 2022, 2:28 PM IST

ചെന്നൈ: കല്യാണ വീട്ടിലെ തല്ലും ബഹളുവുമാണ് അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുന്നത്. പപ്പടത്തെ ചൊല്ലി കേരളത്തിലുണ്ടായ കൂട്ടത്തല് ദേശീയ മാധ്യമങ്ങളില്‍ വരെ നിറഞ്ഞു. ഇപ്പോഴിതാ മറ്റൊരു കല്യാണ വീട്ടിലെ തല്ല് വാര്‍ത്തകളില്‍ നിറയുകയാണ്. ചെന്നൈ തൊണ്ടിയാര്‍പേട്ട് നേതാജി നഗറിലെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വിവാഹവേദിയില്‍നിന്ന് താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ച കാമുകനെ വീട്ടുകാര്‍ നല്ല തല്ല് കൊടുത്ത് മണ്ഡപത്തിന് പുറത്താക്കി. പിന്നാലെ വധുവിന്‍റെ വീട്ടുകാരും വരന്‍റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി.

ചെന്നൈ സ്വദേശിയായ  24-കാരനാണ് കാമുകിയുടെ വിവാഹവേദിയിലെത്തി താലിമാല തട്ടിപ്പറിച്ച് യുവതിയെ കല്യാണം കഴിക്കാന്‍ ശ്രമിച്ചത്. ചടങ്ങുകള്‍ ആരംഭിക്കുന്നത് വരെ വേദിക്കരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. ഹോട്ടല്‍ ജീവനക്കാരിയായ 20- കാരിയും മറൈന്‍ എഞ്ചിനീയറായ 21-കാരനും തമ്മിലായിരുന്നു വിവാഹം. പൂജാരി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി താലി വരന് കൈമാറുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. വേദിക്കടുത്ത് നിന്നിരുന്ന യുവാവ് പൂജാരിയുടെ കൈയ്യില്‍ നിന്നും താലി തട്ടിപ്പറിച്ചു. പിന്നീട് മണ്ഡപത്തിലേക്ക് കയറി വധുവിന്‍റെ കഴുത്തില്‍ അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

എന്നാല്‍ വീട്ടുകാര്‍ യുവാവിന്‍റെ നീക്കം തടഞ്ഞു. മണ്ഡപത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിച്ചു.  കല്യാണ വീട്ടില്‍ അടി നടക്കുന്ന വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പോലീസും ബഹളവും ആയതോടെ ഇതോടെ വരന്‍റെ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കി. വധുവിന്‍റെ വീട്ടുകാരുമായി വരന്‍റെ വീട്ടുകാര്‍ ഉടക്കി. വാക്കേറ്റവും കൈയ്യാങ്കളിയിലുമെത്തിയതോടെ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമായത്. ഇതോടെ വരനും കൂട്ടരും വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ചെന്നൈ സ്വദേശിയായ  യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ചെന്നൈയില്‍ ഒരു സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അംഗീകരിച്ചില്ല. എതിര്‍പ്പ് വകവെയ്ക്കാതെ വീട്ടുകാര്‍ മറൈന്‍ എഞ്ചിനിയീറുമായി മകളുടെ വിവാഹം ഉറപ്പിച്ചു. ഇതോടെയാണ് യുവാവ് സാഹത്തിന് മുതിര്‍ന്നത്.  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവീട്ടുകാരും ശ്രമം തുടരുകയാണെന്നും സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Read More : വിവാഹം കഴിഞ്ഞ് പത്ത് മാസം, യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Follow Us:
Download App:
  • android
  • ios