പെൺകുട്ടി ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നതിനിടെ, നിർമ്മാണ തൊഴിലാളികൾ ധരിക്കുന്ന ഓറഞ്ച് ജാക്കറ്റ് ധരിച്ച ഒരാൾ ക്ഷേത്രത്തിലേക്ക് കടന്നുവരുന്നതും ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടി തനിച്ചാണെന്ന് കണ്ട അയാൾ പെട്ടെന്ന് കുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.
പുണെ: ക്ഷേത്രത്തിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലെ നിഗ്ഡി പ്രദേശത്തുള്ള ശിവക്ഷേത്രത്തിലാണ് സംഭവം. ഒക്ടോബർ 10-ന് രാവിലെ 11:07 ഓടെയാണ് സംഭവം നടന്നത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ സംഭവം ഏറെ വിവാദമായി. തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയായ വിശാൽ സിങ്ങാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
സമൂഹമാധ്യമത്തില് പ്രചരിച്ച വീഡിയോയിൽ ഒരു ശിവക്ഷേത്രത്തിൽ പെൺകുട്ടി പ്രാർഥിക്കുന്നതു കാണാം. പെൺകുട്ടി ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നതിനിടെ, നിർമ്മാണ തൊഴിലാളികൾ ധരിക്കുന്ന ഓറഞ്ച് ജാക്കറ്റ് ധരിച്ച ഒരാൾ ക്ഷേത്രത്തിലേക്ക് കടന്നുവരുന്നതും ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടി തനിച്ചാണെന്ന് കണ്ട അയാൾ പെട്ടെന്ന് കുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ഭയന്നുപോയ പെൺകുട്ടി സർവ്വശക്തിയുമെടുത്ത് പ്രതിയെ തള്ളിമാറ്റി രക്ഷപ്പെട്ടു. ഇതോടെ പ്രതിയായ യുവാവ് അവിടെനിന്ന് കടന്നുകളഞ്ഞു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതായി നിഗ്ഡി പൊലീസ് സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ അറിയിച്ചു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകളും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

