നാഗപട്ടണം: മലദ്വാരത്തിലും വയറിലും അതികഠിനമായ വേദനയുമായി എത്തിയ ഇരുപത്തൊമ്പതുകാരന്‍റെ വയറിനുള്ളില്‍ നിന്ന് നീക്കിയത് മദ്യക്കുപ്പി. മെയ് 27നാണ് നഗരൂര്‍ സ്വദേശിയായ യുവാവ് ആശുപത്രിയിലെത്തിയത്. എക്സ്റേയിലാണ് 250 മില്ലിയുടെ ഗ്ലാസ് കുപ്പി കണ്ടെത്തിയത്. എക്സ് റേ കണ്ട് ഞെട്ടിയെന്ന് നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജനായ ഡോ എസ് പാണ്ഡ്യരാജ് ദി ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു.  ആശുപത്രി ജീവിതത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ഡോക്ടര്‍ പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകരുടെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമാകുന്നത്. യുവാവ് സ്വയമാണ് മദ്യക്കുപ്പി മലദ്വാരത്തില്‍ കുത്തിക്കയറ്റിയത്. മദ്യലഹരിയിലായിരുന്നു കുപ്പി മലദ്വാരത്തില്‍ കയറ്റിയത്. എന്നാല്‍  പിന്നീട് കുപ്പി പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. പുറത്തെടുക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല കുപ്പി കൂടുതല്‍ ഉള്ളിലേക്ക് കയറുകയും ചെയ്തു. വീട്ടുകാരോട് വയറുവേദനയുടെ കാരണം ഇതാണെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നില്ല. രണ്ട് ദിവസം കുപ്പി വയറില്‍ കുടുങ്ങിയതോടെ വേദന അസഹ്യമായി. ഇതിനേത്തുടര്‍ന്നാണ് വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

കൊറോണ വൈറസ് പരിശോധന പൂര്‍ത്തിയാകാതെ സര്‍ജറി ചെയ്യേണ്ടെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും  കുപ്പി ചില്ലുകൊണ്ടുള്ളതിനാലും കൂടുതല്‍ ആന്തരിക മുറിവുകള്‍ അവഗണിക്കാനുമായി ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുപ്പി പുറത്തെടുത്തത്. 

ചിത്രത്തിന് കടപ്പാട്: ദി ന്യൂസ് മിനിറ്റ്