ഐസ്വാള്‍: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാന്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് മിസോറം ഗവര്‍ണര്‍ പി ശ്രീധരന്‍ പിള്ളക്ക് സംസ്ഥാനത്തെ പ്രധാന യുവജന സംഘടനയായ സോറം പീപ്പിള്‍സ് മൂവ്മെന്‍റിന്‍റെ കത്ത്. പ്രതിപക്ഷ പാര്‍ട്ടിയുടെ യുവജന വിഭാഗമാണ് ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചത്. കുടിയേറ്റത്തെ തടയാനായി നിര്‍മിച്ച മിസോറം മെയിന്‍റനന്‍സ് ഓഫ് ഹൗസ്ഹോള്‍ഡ് രജിസ്റ്റര്‍ ബില്‍ 2019 മാര്‍ച്ച് 19ന് നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടില്ല.

ബില്‍ സര്‍ക്കാറിന്‍റെ അനുമതി കാത്തുനില്‍ക്കുകയാണെന്നും ഉടന്‍ അനുമതി നല്‍കണമെന്നും സംഘടനാ പ്രസിഡന്‍റ് മല്‍സ്വാംസുവാല ആവശ്യപ്പെട്ടു. മാര്‍ച്ച് 18ന് മുഖ്യമന്ത്രി സോറംതാംഗയാണ് ബില്‍ അവതരിപ്പിച്ചത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം മിസോറമിന് ഭീഷണിയാണെന്നാണ് മിക്ക രാഷ്ട്രീയപാര്‍ട്ടികളുടെയും വാദം. സംസ്ഥാനത്തെ ജനസംഖ്യ വര്‍ധിക്കുകയാണെന്നും സുരക്ഷാപ്രശ്നങ്ങളുണ്ടെന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ തിരിച്ചയക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രശ്ന പരിഹാരത്തിനായി ഗവര്‍ണര്‍ ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം. 

ബംഗ്ലാദേശ്, മ്യാന്മര്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ ഇടപെടണമെന്നും ഇവര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീധരന്‍ പിള്ളക്ക് മുമ്പ് കുമ്മനം രാജശേഖരനായിരുന്നു മിസോറം ഗവര്‍ണര്‍.