ദുബായ് വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തമിഴ് യൂട്യൂബറായ മദൻ ഗൗരിക്ക് തിരികെ ലഭിച്ചു. ദുബായ് പോലീസ് ഫോൺ സൗജന്യമായി ചെന്നൈയിലേക്ക് അയച്ചു നൽകി. നിരവധി പേർ ദുബായ് നഗരത്തിന്‍റെ സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച് രംഗത്തെത്തി.

ദുബായ്: ദുബായ് വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തമിഴ് യൂട്യൂബറായ മദൻ ഗൗരിക്ക് തിരികെ ലഭിച്ചു. ദുബായ് പൊലീസിനും എമിറേറ്റ്സിനും നന്ദി അറിയിച്ചുകൊണ്ട് മദൻ ഗൗരി ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചു. ഒരു ആഴ്ച മുൻപാണ് ഫോൺ നഷ്ടപ്പെട്ടതെന്നും ഉടൻ തന്നെ എമിറേറ്റ്സ് ജീവനക്കാരെ അറിയിച്ചെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഫോണിന്‍റെ വിവരങ്ങൾ ഇമെയിൽ വഴി അയക്കാൻ അവർ ആവശ്യപ്പെട്ടു.

അത് ചെയ്തതിന് ശേഷം അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തി. അവിടെയെത്തിയപ്പോൾ ഫോൺ കണ്ടെത്തിയതായി അറിയിച്ചുകൊണ്ട് ഒരു ഇമെയിൽ ലഭിച്ചു. "ദുബായ് പോലീസ് ഫോൺ സൗജന്യമായി അടുത്ത വിമാനത്തിൽ ചെന്നൈയിലേക്ക് അയച്ചുതരാൻ ഏർപ്പാടാക്കി" മദൻ ഗൗരി പറഞ്ഞു. ഈ വീഡിയോ വൈറലായതോടെ, ദുബായ് നഗരത്തെയും അവിടുത്തെ സുരക്ഷാ സംവിധാനങ്ങളെയും പ്രശംസിച്ച് നിരവധി പേർ കമന്‍റ് ചെയ്തു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്നാണ് ഒരാൾ എഴുതി.

ഇതിനിടെ ഒരു ഉപയോക്താവ് തനിക്ക് നഷ്ടപ്പെട്ട ലാപ്ടോപ്പ് ബാഗ് തിരികെ ലഭിച്ച അനുഭവം പങ്കുവെച്ചു. ദുബായിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ ടി 3 ടെർമിനലിൽ വെച്ച് എന്റെ ലാപ്ടോപ്പ് ബാഗ് നഷ്ടപ്പെട്ടു. ഇമെയിൽ വഴി പരാതി നൽകി. മൂന്ന് ദിവസത്തിനുള്ളിൽ തനിക്ക് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ബാഗ് തിരികെ ലഭിച്ചു. ദുബായ് വിമാനത്താവളത്തിന്‍റെയും എമിറേറ്റ്സിന്‍റെയും സേവനത്തിന്‍റെ നിലവാരം തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ഉപയോക്താവ് കൂട്ടിച്ചേർത്തു.