ദില്ലി: അഹിന്ദുവായ ഡെലിവറി ബോയ്  കൊണ്ടുവന്ന ഓര്‍ഡര്‍ നിരസിച്ച ഉപഭോക്താവിന്‍റെ പെരുമാറ്റത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍  ഉയരുമ്പോള്‍ പ്രതികരണവുമായി  ഡെലിവറി ബോയ്.  സൊമാറ്റോയിലെ ഡെലിവറി ബോയ് ആയ ഫയാസാണ് സംഭവത്തില്‍ തനിക്കുണ്ടായ വിഷമം തുറന്നുപറഞ്ഞത്.

'ഓര്‍ഡര്‍ ചെയ്ത ആളുടെ ലൊക്കേഷന്‍ അറിയാനായി ഉപഭോക്താവിനെ ഫോണ്‍ വിളിച്ചു. എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തെന്നായിരുന്നു ലഭിച്ച മറുപടി. സംഭവം ഏറെ വേദനിപ്പിച്ചു. എന്ത് ചെയ്യാം ഞങ്ങള്‍ പാവപ്പെട്ടവരല്ലേ'- ഫയാസ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത വിവരം അമിത് ശുക്ല എന്നയാളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഡെലിവറി ബോയിയെ മാറ്റാന്‍ സൊമാറ്റോ തയ്യാറാകാത്തതിനാല്‍ പണം വേണ്ട പകരം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയാണെന്ന് ഇയാള്‍ അറിയിച്ചു.  

ഈ പോസ്റ്റിന് ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി. ട്വീറ്റ് വൈറലായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായപ്പോള്‍  സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സംസ്കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്.

എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദീപിന്ദറിന്‍റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് വിഷയത്തില്‍ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനം ഊബര്‍ ഈറ്റ്സും രംഗത്തെത്തിയിരുന്നു.