കൊല്‍ക്കത്ത: ചൈനക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് സൊമാറ്റോയുടെ യൂനിഫോം കത്തിച്ച് ജീവനക്കാര്‍. സൊമാറ്റോയിലെ ജോലി രാജിവെച്ചെന്നും ഒരു വിഭാഗം അറിയിച്ചു. ഗല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് സൊമാറ്റോ ജീവനക്കാരുടെ നടപടി. കൊല്‍ക്കത്തയിലെ ബെഹാലയിലാണ് പ്രതിഷേധം നടന്നത്. 

2018ലാണ് ഇന്ത്യന്‍ കമ്പനിയായ സൊമാറ്റോയില്‍ ചൈനീസ് കമ്പനിയായ ആലിബാബ 210 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിച്ചത്. 14.7 ശതമാനമാണ് ആലിബാബയുടെ ഓഹരി. ആന്റ് ഫിനാന്‍ഷ്യല്‍ കമ്പനിയും 150 ദശലക്ഷം ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. 

ഇന്ത്യയില്‍ നിന്ന് ലാഭമുണ്ടാക്കി ഇന്ത്യന്‍ സൈനികരെ ആക്രമിക്കുകയാണെന്നും നമ്മുടെ ഭൂമി പിടിച്ചടക്കുകയാണെന്നും ഇത് അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് സൊമാറ്റയെ ആശ്രയിക്കരുതെന്നും ഇവര്‍ വ്യക്തമാക്കി. പട്ടിണി കിടന്നാലും ചൈനീസ് നിക്ഷേപമുള്ള കമ്പനികളില്‍ ജോലി ചെയ്യില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, പ്രതിഷേധം സംബന്ധിച്ച് സൊമാറ്റോ പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് 520 ജീവനക്കാരെ സൊമാറ്റോ മെയില്‍ പിരിച്ചുവിട്ടിരുന്നു.