ദില്ലിയിൽ നിന്ന് റോമിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുന:രാരംഭിക്കാൻ എയർ ഇന്ത്യ. യൂറോപ്പിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സൗകര്യപ്രദമാകുന്ന സർവീസ് ആഴ്ചയിൽ നാല് തവണയുണ്ടാകും.  

ദില്ലി: ഇന്ത്യയിൽ നിന്ന് റോമിലേയ്ക്ക് (ലിയനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളം) നേരിട്ടുള്ള നോൺ സ്റ്റോപ്പ് വിമാന സർവീസുമായി എയർ ഇന്ത്യ. 2026 മാർച്ച് 25 മുതൽ ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന അതിഥികൾക്ക് യൂറോപ്പിലേക്കുള്ള വസന്തകാല യാത്രകളോ വേനൽക്കാല അവധിക്കാല യാത്രകളോ ആസൂത്രണം ചെയ്യാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. കോവിഡ്-19 മഹാമാരിയെ തുടർന്ന് റോമിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസുകൾ നിർത്തിവെച്ചിരുന്നു.

ഇറ്റലിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയുടെ തലസ്ഥാനത്തേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയും അതുവഴി തെക്കുകിഴക്കൻ ഏഷ്യയിലേക്ക് തടസ്സമില്ലാത്ത വിമാന കണക്ഷനുകൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കുകയും ചെയ്യും. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനത്തിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ റോമിലേക്കും തിരിച്ചുമുള്ള സർവീസ് ഉണ്ടാകും. ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കണോമി ക്ലാസിൽ 238 സീറ്റുകളുമാണുണ്ടാകുക.

റോമിൽ കാണേണ്ട സ്ഥലങ്ങൾ

1. കൊളോസിയം

റോമിലെ ഏറ്റവും പ്രശസ്തമായ നിർമ്മിതിയാണിത്. പുരാതന റോമിലെ ഗ്ലാഡിയേറ്റർ പോരാട്ടങ്ങൾ നടന്നിരുന്ന ഈ കൂറ്റൻ ആംഫിതിയേറ്റർ ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ്. ചരിത്രത്തെ നേരിട്ട് അനുഭവിക്കാൻ താത്പ്പര്യമുള്ളവർക്ക് പറ്റിയ ഇടമാണിത്.

2. വത്തിക്കാൻ സിറ്റി

റോമിനുള്ളിൽ തന്നെയുള്ള ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ. ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ സെന്റ് പീറ്റേഴ്സ് ബസിലിക്ക, മൈക്കലാഞ്ചലോയുടെ വിശ്വപ്രസിദ്ധമായ ചുവർചിത്രങ്ങളുള്ള സിസ്റ്റൈൻ ചാപ്പൽ, വിലമതിക്കാനാവാത്ത ചരിത്രരേഖകളും കലാസൃഷ്ടികളും സംരക്ഷിച്ചിരിക്കുന്ന വത്തിക്കാൻ മ്യൂസിയം എന്നിവ സന്ദർശിക്കാം.

3. ട്രെവി ഫൗണ്ടൻ

ലോകത്തിലെ ഏറ്റവും മനോഹരമായ ജലധാരകളിൽ ഒന്നാണ് ടെഫ്രി ഫൗണ്ടൻ. ഈ ഫൗണ്ടനിലേക്ക് തിരിഞ്ഞുനിന്ന് നാണയം എറിഞ്ഞാൽ വീണ്ടും റോമിലേക്ക് വരാൻ സാധിക്കുമെന്നാണ് വിശ്വാസം.

4. പാന്തിയോൺ

പുരാതന റോമൻ എൻജിനീയറിംഗിന്റെ മകുടോദാഹരണമാണ് പാന്തിയോൺ. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഇതിന്റെ കൂറ്റൻ മകുടവും അതിന് നടുവിലുള്ള സുഷിരവും അത്ഭുതകരമായ കാഴ്ചയാണ്.

5. റോമൻ ഫോറം

പുരാതന റോമിലെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം. പഴയ കൊട്ടാരങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ ഇവിടെ കാണാം. ചരിത്രാന്വേഷികൾക്ക് ഇവിടം അനുയോജ്യമാണ്.

6. സ്പാനിഷ് സ്റ്റെപ്സ്

റോമിലെ ഒത്തുചേരൽ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. 135 പടികളുള്ള ഈ ഗോവണിപ്പടികൾ ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും ഫോട്ടോ എടുക്കാനും ഏറെ പ്രിയപ്പെട്ടയിടമാണ്.