ഇന്ത്യൻ റെയിൽവേയുടെ രണ്ട് പ്രധാന സർവീസുകളാണ് അമൃത് ഭാരത്, വന്ദേ ഭാരത് എക്സ്പ്രസുകൾ. കോച്ചുകൾ, സൗകര്യങ്ങൾ, ടിക്കറ്റ് നിരക്ക് എന്നിവയിൽ ഇവ തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്.

ദില്ലി: പാസഞ്ചർ സർവീസുകളിൽ തുടർച്ചയായ നവീകരണങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വേഗതയേറിയതും മെച്ചപ്പെട്ട സുഖസൗകര്യങ്ങളുമുള്ള ആധുനിക ട്രെയിനുകൾ പുറത്തിറക്കുന്നതിൽ റെയിൽവേ വലിയ രീതിയിലുള്ള ശ്രദ്ധയാണ് നൽകുന്നത്. മെച്ചപ്പെട്ട സീറ്റുകൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, സുരക്ഷാ സവിശേഷതകൾ എന്നിങ്ങനെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും റെയിൽവേ പിന്നോട്ടില്ല. അത്തരത്തിൽ ശ്രദ്ധേയമായ രണ്ട് സര്‍വീസുകളാണ് വന്ദേ ഭാരത്, അമൃത് ഭാരത് എക്സ്പ്രസുകൾ. എന്നാൽ, ഇവ രണ്ടും തമ്മിൽ എന്താണ് വ്യത്യാസം? വിശദമായി അറിയാം.

രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിലുടനീളമുള്ള ദീർഘദൂര കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ അമൃത് ഭാരത് എക്സ്പ്രസുകൾ അവതരിപ്പിച്ചത്. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ദീർഘദൂര യാത്രകൾക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബജറ്റ് സൗഹൃദ, ലോക്കോമോട്ടീവ്-ഹോൾഡ്, നോൺ-എസി സർവീസുകളാണിത്. മറുവശത്ത്, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വേഗതയേറിയതും പ്രീമിയം ഇന്റർ-സിറ്റി യാത്രകൾക്കും വേണ്ടിയാണ് അവതരിപ്പിച്ചത്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത, സെമി-ഹൈ-സ്പീഡ് സർവീസുകളാണിത്.

ഒരു അമൃത് ഭാരത് എക്സ്പ്രസിൽ സാധാരണയായി 22 നോൺ-എസി കോച്ചുകളാണ് ഉണ്ടായിരിക്കുക. നവീകരിച്ച സീറ്റുകൾ, സുരക്ഷാ സവിശേഷതകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. എന്നാൽ, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ സാധാരണയായി 16 എസി കോച്ചുകളാണുള്ളത്. എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകൾ, ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഓൺബോർഡ് വൈ-ഫൈ, വിനോദ സംവിധാനങ്ങൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, കാറ്ററിംഗ് സേവനങ്ങൾ എന്നിവ പോലെയുള്ള നൂതന സൗകര്യങ്ങളും വന്ദേ ഭാരത് എക്സ്പ്രസുകൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം ഹ്രസ്വ, ഇടത്തരം റൂട്ടുകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ സർവീസ് നടത്തുന്നത്. വലിയ തിരക്കുള്ള നഗരങ്ങളിലാണ് ഈ സർവീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറുഭാ​ഗത്ത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ തിരഞ്ഞെടുക്കപ്പെട്ട ദീർഘദൂര റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. ‌ടിക്കറ്റ് നിരക്കിലാണ് ഈ രണ്ട് ട്രെയിനുകളും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകൾ താരതമ്യേന കൂടുതലാണ്. കൂടാതെ ഓൺബോർഡ് ഭക്ഷണം പോലെയുള്ള പ്രീമിയം സേവനങ്ങളുമുണ്ട്. എന്നാൽ, ലളിതവും സുതാര്യവും താങ്ങാനാവുന്നതുമായ ഒരു യാത്രാ നിരക്ക് ഘടനയാണ് അമൃത് ഭാരത് എക്സ്പ്രസ് പിന്തുടരുന്നത്. ഇത് അമൃത് ഭാരത് എക്സ്പ്രസിനെ ബജറ്റ് പരി​ഗണിക്കുന്ന യാത്രക്കാർക്ക് അനുയോജ്യമായ ഓപ്ഷനാക്കി മാറ്റുന്നു.