ഗതാഗത കുരുക്കിൽ പെട്ട് പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടപ്പെട്ട യാത്രക്കാരിയാണ് ഭൂമി ചൗഹാൻ. ഈ പത്ത് മിനിറ്റാണ് ഭൂമിയുടെ ജീവൻ കാത്തത്.

അഹമ്മദാബാദ്: ഗതാഗത കുരുക്കിൽ പെട്ട് പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടപ്പെട്ട യാത്രക്കാരിയാണ് ഭൂമി ചൗഹാൻ. ഈ പത്ത് മിനിറ്റാണ് ഭൂമിയുടെ ജീവൻ കാത്തത്. അഹമ്മദാബാദിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയ ആ 10 മിനിറ്റാണ് ഭൂമി ചൗഹാന്‍റെ പുനര്‍ജന്മത്തിന് കാരണം. 242 പേരുമായി പറന്നുയര്‍ന്ന് ഒരു തീഗോളമായി മാറിയ വിമാനത്തിനുള്ളില്‍ ഭൂമിയും ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ട്രാഫിക്കില്‍ കുടുങ്ങി വിമാനം നഷ്ടമായതിനാല്‍ തലനാരിഴയ്ക്കാണ് ഭൂമി ആ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇപ്പോഴും വിറയ്ക്കുകയാണ് ശരീരമാകെയെന്ന് ഭൂമിയുടെ വാക്കുകൾ. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മനസ്സ് ശൂന്യമായത് പോലെ. ഭൂമി ഇങ്ങനെ പറയുമ്പോൾ നമ്മളും വിറയ്ക്കുകയാണ്, സമാനതകളില്ലാത്ത ആ ആകാശദുരന്തം ഓര്‍ത്തോര്‍ത്ത്. 

ട്രാഫിക് ജാമില്‍ക്കുടുങ്ങി വിമാനം നഷ്ടമായപ്പോള്‍ ഭൂമി ചൗഹാന് തിരികെ ലഭിച്ചത് സ്വന്തം ജീവനും ജീവിതവുമാണ്. ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ ഭൂമിയുടെപേരുമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വര്‍ഷത്തിന് ശേഷം അവധിആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു.

ഇന്നലെ പറന്നുയര്‍ന്ന് ഒരു തീഗോളമായി മാറിയ വിമാനത്തില്‍ കയറാന്‍ പുറപ്പെട്ടെങ്കിലും അഹമ്മദാബാദിലെ കനത്ത ട്രാഫിക് ജാമില്‍ക്കുടുങ്ങി ഭൂമിക്ക് സമയത്തെത്താന്‍ കഴിഞ്ഞില്ല. 10 മിനിറ്റ് താമസിച്ചു. വിമാനത്താവള അധികൃതരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. അതുമാത്രമാണ് ഭൂമിയുടെ ഓര്‍മയിലുള്ളത്. പിന്നീട് കേട്ടത് വന്‍ സ്ഫോടനശബ്ദം. തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസും മിനിറ്റുകളുടെ വ്യത്യാസത്തില്‍ വിമാനം നഷ്ടപ്പെട്ട ഭൂമിയുമൊക്കെ കാഴ്ചകളാണ്. അതിജീവനത്തിന്‍റെ, അത്ഭുതത്തിന്‍റെ, ആശ്വാസക്കാഴ്ചകള്‍.

'എന്റെ ശരീരം ഇപ്പോഴും വിറയ്ക്കുന്നു'; ഭൂമി ചൗഹാന് തുണയായത് ട്രാഫിക്കിൽ കുടുങ്ങിയത്