ബിഹാറില്‍ അധികാര തുടര്‍ച്ച ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രമായി

ദില്ലി: ബിഹാറില്‍ അധികാര തുടര്‍ച്ച ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രമായി. മഹാസഖ്യം വിജയിച്ചാല്‍ ജെഡിയു എന്‍ഡിഎ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും കണക്കുകൂട്ടിയ ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ബിഹാര്‍ ഫലം. നിതീഷ് കുമാറിനെ പിണക്കാതെ കൂടെ നിർത്തുകയാണ് ബിജെപി നീക്കം. ബിഹാറില്‍ പ്രതിപക്ഷം കെട്ടിയ മനക്കോട്ടയെല്ലാം തകര്‍ന്നടിയുമ്പോൾ വിജയസ്മിതം തൂവുന്നത് ഇന്ദ്രപ്രസ്ഥത്തിലെ അധികാര കസേരയിലുളള നരേന്ദ്രമോദിയാണ്. പരാജയം കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ മോദി തന്നെ നേരിട്ട് യുദ്ധം നയിക്കുകയായിരുന്നു. മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല. കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബിജെപിക്ക് അനിവാര്യതയായിരുന്നു.

പരാജയപ്പെട്ടാല്‍ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടി കേന്ദ്രസര്‍ക്കാരിനെ വീഴ്തത്താന്‍ പ്രതിപക്ഷം ശ്രമിക്കാനുളള സാധ്യത സജീവമായിരുന്നു. 2013 ല്‍ മോദിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ട നിതീഷ് പിന്നീട് ലാലു പ്രസാദ് യാദവുമായി സഹകരിച്ചിരുന്നു. പിണക്കം 2015 വരെ നീണ്ടു നിന്നു. നിതീഷിനെ തകര്‍ക്കാനുളള ബിജെപി ശ്രമം ഇതിനിടെ വിഫലമായി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയും നിതീഷ് കരുത്തു കാട്ടി. 2015 ല്‍ ലാലുവിനെ കൈവിട്ട് വീണ്ടും നിതീഷ് ബിജെപിക്കൊപ്പം കൂടി. ഇതിനിടെ ചിരാഗ് പാസ്വാനെ ഉപയോഗിച്ചും നിതീഷിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ തെര‍ഞ്ഞെടുപ്പില്‍ ബിജെപിക്ക് 74 സീറ്റ് കിട്ടിയപ്പോൾ നിതീഷ് 43 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. ഗത്യന്തരമില്ലാതെ ബിജെപി മുഖ്യമന്ത്രി പദം നിതീഷിനെ തന്നെ ഏല്‍പ്പിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 240 സീറ്റ് നേടിയ ബിജെപിക്ക് തെലുങ്കുദേശം പാര്‍ട്ടിയുടെ 16 ഉം ജനതാദള്‍ യുവിന്‍റെ 12 ഉം ഉള്‍പ്പെടെ 293 എംപിമാരുടെ പിന്തുണയാണുളളത്. . ബീഹാറിൽ നാല്‍പതില്‍ 30 സീറ്റിലും വിജയിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. ബീഹാറിലെ ഈ എംപിമാരെ കേന്ദ്രത്തിൽ ഉറപ്പിച്ചു നിർത്താനും ഈ വിജയം സഹായിക്കും. എന്തായാലും മോദി കേന്ദ്രത്തിലും നിതീഷ് സംസ്ഥാനത്തുമെന്ന തരത്തില്‍ ഡബിള്‍ എ‍ഞ്ചിന്‍ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ഒരിക്കല്‍ കൂടി ബിഹാര്‍. വരാനിരിക്കുന്ന അസം ബംഗാൾ തെരഞ്ഞെടുപ്പുകളിൽ കരുത്തോടെ മുന്നേറാൻ എൻഡിഎക്ക് ഇത് ആത്മവിശ്വാസം നൽകും.

YouTube video player