തമിഴ്നാട്ടിൽ നിയുക്ത ടിവികെ എംഎൽഎ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് വാളുകൊണ്ട് കേക്ക് മുറിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി. 

ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത ടിവികെ എംഎൽഎ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസിൽ പരാതി. റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാൾ കേക്ക് വാൾ ഉപയോഗിച്ച് മുറിച്ചത്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ പുലിയൻതോപ്പ് സ്വദേശി ജിജി ശിവ ആണ് ചെന്നൈ പൊലീസ് കമ്മീഷണറുടെ ഓഫീസിനും ഡിജിപിയുടെ ഓഫീസിനും പരാതി നൽകിയത്. സംഭവത്തിൽ നടപടിയെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആളുകൾ നോക്കിനിൽക്കെയാണ് വിജയ് ദാമു പിറന്നാൾ ആഘോഷത്തിനിടെ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രചരിക്കുന്ന വീഡിയോകളിൽ ആയുധം ഉപയോഗിച്ച് കേക്ക് മുറിക്കുന്നത് കാണാമെന്ന് പറഞ്ഞ പരാതിക്കാരൻ സമാന സംഭവങ്ങളിൽ മുൻപ് പൊലീസ് കേസെടുത്ത കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം പ്രവർത്തികൾ പൊതുജനങ്ങളിൽ ഭയമുണ്ടാക്കുമെന്നും സമാധാനാന്തരീക്ഷം തകർക്കപ്പെടുമെന്നും പരാതിക്കാരൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തെറ്റായ സന്ദേശമാണെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Scroll to load tweet…

ഓട്ടോ ഡ്രൈവറും ടിവികെ ജില്ലാ സെക്രട്ടറിയുമായ വിജയ് ദാമു ഡിഎംകെ സിറ്റിങ് സീറ്റായ റോയപുരത്തുനിന്ന് 14,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എ സുബൈർ ഖാൻ ആണ് മണ്ഡലത്തിൽ ഡിഎംകെയ്ക്കായി മത്സരിച്ചിരുന്നത്. അണ്ണാ ഡിഎംകെ സ്ഥാനാർഥി ഡി വിജയകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 59,091 വോട്ടുകൾ വിജയ് ദാമു നേടിയപ്പോൾ സുബൈർ ഖാന് 44,842 വോട്ടുകളും ജയകുമാറിന് 18,420 വോട്ടുകളുമാണ് ലഭിച്ചത്.

'വിജയ് മക്കൾ ഇയ്യക്ക'ത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന വിജയ് ദാമു, ടിവികെ രൂപീകരിച്ചതോടെ ആണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.