ദമ്പതികൾ ടേബിൾ ബുക്ക് ചെയ്തിരുന്നില്ല, അതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് ഹോട്ടൽ ഉടമ നീരജ് അഗർവാൾ പറഞ്ഞു.
ദില്ലി: ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾക്ക് ദില്ലിയിലെ ഒരു റസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം. ദില്ലിയിലെ പിതംപുര പ്രദേശത്തുള്ള റസ്റ്റോറന്റിൽ ആണ് സംഭവം. പ്രവേശനം നിഷേധിച്ചതിന് ശേഷം ദമ്പതികൾ തങ്ങൾ അനുഭവിച്ച ദുരനുഭവം വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായി. മറ്റുള്ളവർക്ക് പ്രവേശനം അനുവദിച്ചപ്പോൾ, റസ്റ്റോറന്‍റിന്‍റെ മാനേജർ തങ്ങളോട് മോശമായി പെരുമാറിയെന്നും, ഹോട്ടലിനുള്ളിലേക്ക് പ്രവേശനം നിഷേധിച്ചെന്നും ദമ്പതിമാർ ആരോപിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ ദില്ലി കാബിനറ്റ് മന്ത്രി കപിൽ മിശ്ര പ്രതികരണവുമായി രംഗത്തെത്തി. പിതംപുരയിലെ ഒരു റസ്റ്റോറന്റിൽ ഇന്ത്യൻ വസ്ത്രധാരണം ധരിച്ച് പ്രവേശനം നിഷേധിച്ചതായി ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് അസ്വീകാര്യമാണ്. വിഷയം മുഖ്യമന്ത്രി രേഖ ഗുപ്തയെ അറിയിച്ചിട്ടുണ്ടെന്ന് കപിൽ മിശ്ര എക്സിൽ കുറിച്ചു. ഹോട്ടലുമായി ബന്ധപ്പെട്ടപ്പോൾ അത്തരമൊരു നിഷേധം ഉണ്ടായിട്ടില്ലെന്നാണ് അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഹോട്ടലിന് നേരെ ഉയരുന്നത്. ഒരു റസ്റ്റോറന്റിൽ പ്രവേശിക്കുന്നതിന് ഒരു മന്ത്രിയെയും മുഖ്യമന്ത്രിയെയും ഇടപെടുത്തേണ്ടി വന്നു. സാധാരണക്കാർക്ക് ഇതാണ് അവസ്ഥ. ഇത്തത്തിലുള്ള ഹോട്ടലുകൾ അടച്ച് പൂട്ടണമെന്നാണ് വീഡിയോക്ക് താഴെ നിറയുന്ന കമന്‍റുകൾ. അതേസമയം വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹോട്ടൽ മാനേജ്മെന്‍റ് വ്യക്തമാക്കി. ദമ്പതികൾ ടേബിൾ ബുക്ക് ചെയ്തിരുന്നില്ല, അതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് ഹോട്ടൽ ഉടമ നീരജ് അഗർവാൾ പറഞ്ഞു.


