മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 1750-ല്‍ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയിരുന്നു. ഇതിന് 275 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്തൂപികാസമര്‍പ്പണം നടത്തുന്നത്.

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നവീകരണത്തിന് പിന്നാലെ മഹാകുംഭാഭിഷേകം നടക്കും. ജൂൺ രണ്ടിന് ആരംഭിച്ച കലശപൂജ എട്ടിന് വിവിധ ചടങ്ങുകളോടെ സമാപിക്കും. ശ്രീകോവിലിന് മുകളില്‍ താഴികക്കുടങ്ങളുടെ സമര്‍പ്പണം, വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനപ്രതിഷ്ഠ, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശം എന്നിവയാണ് ഒരുമിച്ച് നടത്തുന്നത്. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 1750-ല്‍ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയിരുന്നു. ഇതിന് 275 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ താഴികക്കുടങ്ങള്‍ സ്ഥാപിക്കുന്നത്. 

ശ്രീപദ്മനാഭ സ്വാമിയുടെ മൂല വിഗ്രഹം 12008 സാളഗ്രാമങ്ങൾ കൊണ്ട് നിർമ്മിച്ചവയാണ്. പ്ലാവിൻപശ, കൂവളപ്പശ, തിരുവട്ടപ്പശ, ഗുൽഗുൽ ത്രിവേണി സംഗമത്തിലെ മണ്ണ്, അവിടത്തെ തന്നെ 3 തരം കല്ലുകൾ, സമുദ്രമണ്ണ്, നദിയിലെ മണ്ണ് അരിച്ചെടുത്ത മണൽ, ഗംഗാതടത്തിലെ മണ്ണ്, കോഴിപ്പരൽ (ഭാരതപ്പുഴയുടെ തീര പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു തരം കല്ല് ആണിത്), പഞ്ഞി, ചെഞ്ചല്യം, നെല്ലിക്ക, കടുക്ക, കോലരക്ക് ഗംഗാതീർത്ഥം, അത്തി, ഇത്തി, അരയാൽ, പേരാൽ, ഗംഗാജലം, മരുതിൻ തോൽകഷായം നാൽപ്പാമരക്കഷായം, ഗോരോചനം, കസ്‌തുരി, ചന്ദനം, രക്തചന്ദനം പശുവിൻ പാൽ, തൈര്, നെയ്യ് ശംഖ് പൊടിച്ചത്, ആനകുത്തിയ മണ്ണ്, കാളകുത്തിയ മണ്ണ്, കലപ്പ മണ്ണ്, പുറ്റ് മണ്ണ്, ഞണ്ടു മണ്ണ് ത്രിഫല, കരിങ്ങാലി, മർവ്വം. ഇളനീരിൻ്റെ വെള്ളം എന്നിവ കൊണ്ടാണ് പുന:പ്രതിഷ്ഠയ്ക്കുള്ള ഈ ആയുർവേദ കുട്ട് ഉണ്ടാക്കുന്നത്.

2017 മാര്‍ച്ചില്‍ സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധസമിതിയാണ് ക്ഷേത്രത്തിന്റെ നവീകരണത്തിന് നിര്‍ദ്ദേശിച്ചത്. ശയനമൂര്‍ത്തിയുടെ മൂലബിംബം മുതല്‍ വിവിധ ഘട്ടങ്ങളിലെ നവീകരണമാണ് ശുപാര്‍ശ ചെയ്തത്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട്, ചെറുവള്ളി ഈശ്വരന്‍നമ്പൂതിരി, പഴങ്ങാപ്പുറം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങുന്നതായിരുന്നു സമിതി. ഇവര്‍ വിഗ്രഹങ്ങളിലെ കേടുപാടുകള്‍ കണ്ടെത്തിയിരുന്നു. ആദ്യഘട്ടമായി നാലുവര്‍ഷം മുന്‍പ് തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വെള്ളിക്കൊടിമരം സ്ഥാപിച്ചു.

ഇപ്പോള്‍ ശ്രീകോവിലിന് മുകളില്‍ മൂന്ന് സ്വര്‍ണത്താഴികക്കുടങ്ങളും ഒറ്റക്കല്‍ മണ്ഡപത്തിന് മുകളില്‍ ഒരു താഴികക്കുടവുമാണ് സ്ഥാപിക്കുന്നത്. തിരുവാമ്പാടി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശം നടത്തും. ശ്രീപദ്മനാഭസ്വാമിയുടെ പാദത്തിന് താഴെയാണ് വിഷ്വക്‌സേന വിഗ്രഹവും ക്ഷേത്രവുമുള്ളത്. കടുശര്‍ക്കര യോഗത്തിലുള്ള വിഗ്രഹത്തിന്റെ പുനര്‍നിര്‍മാണവും ക്ഷേത്രത്തിന്റെ നവീകരണവും ശില്‍പ്പി ശിവഗംഗ തിരുക്കോട്ടിയൂര്‍ മാധവന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. 

2021 ലാണ് നിര്‍മാണജോലികള്‍ ആരംഭിച്ചത്. ജൂണ്‍ എട്ടിന് രാവിലെ 7.45-ന് കുംഭാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. ജൂണ്‍ രണ്ടുമുതല്‍ ശുദ്ധിക്രിയകളും കലശപൂജകളും തുടങ്ങും. തന്ത്രിമാരായ തരണനല്ലൂര്‍ ഗോവിന്ദന്‍നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സതീശന്‍നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. എട്ടരയോഗക്കാര്‍,പുഷ്പാഞ്ചലി സ്വാമിയാര്‍, ക്ഷേത്രം സ്ഥാനി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.