വളരെ മോശം സാഹചര്യത്തിലാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ താമസിച്ചിരുന്നത് എന്ന് റെയ്ഡില്‍ ഭാഗമായ വനിതാ കമ്മീഷന്‍ അംഗം മാധ്യമങ്ങളോട് പറഞ്ഞു.

നോയിഡ: 1994 മുതല്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചു വരുന്ന വൃദ്ധസദനത്തിനെതിരെ നടപടിയെടുത്ത് അധികൃതര്‍. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. ആനന്ദ് നികേതന്‍ വ‍ൃദ്ധസേവ ആശ്രമം എന്ന സ്ഥപനത്തില്‍ നടത്തിയ റെയിഡിലാണ് സ്ഥാപനം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 42 പേര്‍ ഈ സ്ഥാപനത്തില്‍ കഴിയുന്നതായി കണ്ടെത്തി. ഇവരെ ഇവിടെ നിന്ന് ഉടന്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കും എന്നാണ് അധികൃതര്‍ പറയുന്നത്.

വളരെ മോശം സാഹചര്യത്തിലാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ താമസിച്ചിരുന്നത് എന്ന് റെയ്ഡില്‍ ഭാഗമായ വനിതാ കമ്മീഷന്‍ അംഗം മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡിനിടയില്‍ കെട്ടിയിട്ട നിലയിലും വിവസ്ത്രരായ രീതിയിലും അന്തേവാസികളെ കണ്ടെത്തിയിട്ടുണ്ട്. ബേസ്മെന്‍റ് പോലുള്ള കുടുസ് മുറികളിലാണ് പലരും കഴിഞ്ഞിരുന്നത്. 2.5 ലക്ഷം രൂപ വാങ്ങിയാണ് ആളുകളെ ഇവര്‍ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. പലരും നോയിഡയിലെ പണക്കാരുടെ മാതാപിതാക്കളാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇവരുടെ സംരക്ഷണത്തിനായി ആവശ്യമായ തൊഴിലാളികളോ സഹായികളോ സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ല. സ്കൂള്‍ വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കിയ മറ്റ് യോഗ്യതകളൊന്നുമില്ലാത്ത ഒരു യുവതിയാണ് ഈ 42 അന്തേയവാസികളുടെയും നേഴ്സ് ആയി പ്രവര്‍ത്തിച്ചിരുന്നത്.