പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ച 48 കേന്ദ്രങ്ങളിൽ ചിലതാണ് തുറന്നത്

ദില്ലി: ജമ്മു കാശ്മീരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ച 48 കേന്ദ്രങ്ങളിൽ ചിലതാണ് തുറന്നത്. ​ജമ്മു കശ്മീര്‍ ലെഫ്റ്റ്ന്‍റ് ഗവർണർ മനോജ് സിൻഹയുടെ നിർദേശപ്രകാരമാണ് നടപടി .ജമ്മുവിലെയും കശ്മീരിലെയും ഡിവിഷണൽ കമ്മീഷണര്‍മാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സംസാരിച്ച് സുരക്ഷാ സാഹചര്യം വിലയിരുത്തിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.

അനന്ത്നാഗ് ജില്ലയിലെ പഹൽഗാം, ബെതാബ് താഴ്വര, പഹൽഗാമിലെ പാര്‍ക്കുകള്‍, വെരിനാഗ് ഗാര്‍ഡൻ അടക്കമുള്ളവ തുറന്നു. ശ്രീനഗറിലെ ബദംവാരി പാര്‍ക്ക്, ഡക്ക് പാര്‍ക്ക്, തഗ്ദീര്‍ പാര്‍ക്ക് തുടങ്ങിയവയും തുറന്നു. ജമ്മു ഡിവിഷനിലെ സര്‍ത്താൽ, ബാഗ്ഗര്‍, സെഹര്‍ ബാബ വെള്ളച്ചാട്ടം, സുൽഹ പാര്‍ക്ക്, ജയ് താഴ്വര തുടങ്ങിയവയും തുറന്നു. 

പുതുതായി ആരംഭിച്ച വന്ദേ ഭാരത് ട്രെയിൻ സര്‍വീസിന്‍റെ അടുത്ത പത്തു ദിവസത്തേക്കുള്ള ടിക്കറ്റുകളെല്ലാം തീര്‍ന്നുവെന്നും കൂടുതൽ പേര്‍ കശ്മീരിലേക്ക് എത്തുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികള്‍ കശ്മീരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന അമര്‍നാഥ് യാത്രക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായും ഗവര്‍ണര്‍ അറിയിച്ചു.