പ്രതിപക്ഷം സംശയമുന്നയിച്ച ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം

ദില്ലി: പ്രതിപക്ഷം സംശയമുന്നയിച്ച ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിഹാറിലും തോല്‍ക്കുമെന്ന് രാഹുലും സംഘവും മുന്‍ കൂട്ടി കണ്ടതിന്‍റെ വേവലാതിയാണെന്ന് ബിജെപി പരിഹസിച്ചു. അതേസമയം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും 2009 മുതലുള്ള വോട്ടര്‍പട്ടിക പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് അട്ടിമറി നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലെഴുതിയ ലേഖനത്തിലൂടെ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന പ്രക്രിയ മുതല്‍ പോളിംഗ് ശതമാനത്തില്‍ വരെ അട്ടിമറിയുണ്ടായെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. ആക്ഷേപങ്ങള്‍ തള്ളിയ തെരഞ്ഞെടുപ്പ കമ്മീഷനെ വെല്ലുവിളിച്ചാണ് പുതിയ ആവശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്.

സമീപകാലത്ത് നടന്ന മുഴുവന്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെയും വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാണ് പ്രധാന ആവശ്യം. വോട്ടര്‍പട്ടിക, പോളിംഗ് ശതമാനമടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കി സംശയം അകറ്റണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞശേഷം പോളിംഗ് ശതമാനത്തിലുണ്ടായ കുതിച്ച് ചാട്ടം സംശയങ്ങള്‍ക്കിട നല്‍കുന്നതാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതില്‍ വ്യക്തത വരുത്താന്‍ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരന്തരം അവഗണിച്ചതുകൊണ്ടാണ് രാഹുലിന് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വന്നതെന്ന് എന്‍സിപി പിന്തുണച്ചു. 

അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മറുപടി ലേഖനമെഴുതി.ലോക് സഭ തെരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന പോളിംഗ് ശതമാനം കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലുമുണ്ടായിരുന്നു. പോളിംഗ് ശതമാനം ഉയർന്ന ഇടങ്ങളില്‍ കോണ്‍ഗ്രസ് സഖ്യവും വിജയിച്ചുണ്ട്. പുതിയ വോട്ടര്‍മാരില്‍ പകുതിയോളം കന്നിവോട്ടര്‍മാരായിരുന്നുവെന്നും ഫട്നാവിസ് ചൂണ്ടിക്കാട്ടി. ജനവിധിയെ രാഹുല്‍ അപമാനിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

ദില്ലി ഹൈക്കോടതിയെ കോണ്‍ഗ്രസ് സമീപിച്ചതിന് പിന്നാലെയാണ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിവരങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. 2009 മുതല്‍ 2024 വരെയുള്ള ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍പട്ടിക വിവരങ്ങളാകും ലഭ്യമാക്കുക.