ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 22-ാമത് സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസിന്’ ഉത്തരാഖണ്ഡിലെ ഔലിയിൽ തുടക്കമായി. ഔലി ഫോറിൻ ട്രെയിനിംഗ് നോഡിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരും സേനാംഗങ്ങളും പങ്കെടുത്തു
ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 22-ാമത് സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസിന്’ ഉത്തരാഖണ്ഡിലെ ഔലിയിൽ തുടക്കമായി. ഔലി ഫോറിൻ ട്രെയിനിംഗ് നോഡിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരും സേനാംഗങ്ങളും പങ്കെടുത്തു. ഇന്ത്യയുടെ 14 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ അമരേഷ് ഗുഞ്ചനും അമേരിക്കൻ സൈന്യത്തിലെ 11-ാമത് എയർബോൺ ഡിവിഷൻ ബ്രിഗേഡ് കമാൻഡർ കേണൽ ബെഞ്ചമിൻ ജാക്ക്മാനും ചേർന്ന് സൈനികരെ അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളിൽ നിന്നുമായി 600 വീതം ആകെ 1,200 സൈനികരാണ് ഈ അഭ്യാസപ്രകടനങ്ങളിൽ അണിനിരക്കുന്നത്.
ഉത്തരാഖണ്ഡിലെ ഔലിക്കു പുറമെ രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലും സൈനികാഭ്യാസം നടക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഇത്തവണ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. നിരീക്ഷണ ഡ്രോണുകൾ, സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പരിശീലനവും രാജസ്ഥാനിലെ ഫയറിങ് റേഞ്ചിൽ അത്യാധുനിക ആയുധങ്ങളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി നടക്കും. ഈ സൈനികാഭ്യാസം ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കരസേന വ്യക്തമാക്കി.

