ഭാര്യയെ കൊന്നതിന് ശേഷം മഥുരയിലേക്ക് രക്ഷപ്പെട്ട ഗോപാല്‍ ശര്‍മ കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ദില്ലി: ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൃതി ശര്‍മ എന്ന 24 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൃതിയുടെ ഭര്‍ത്താവ് ഗോപാല്‍ ശര്‍മ (24) യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയെ കൊന്നതിന് ശേഷം മഥുരയിലേക്ക് രക്ഷപ്പെട്ട ഗോപാല്‍ ശര്‍മ കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കൃതിയും ഗോപാലും ജൂണ്‍ 20 നാണ് ദില്ലിയിലെത്തിയത്. ഇരുവരും പഹല്‍ഗഞ്ചിലെ വിക്ടോറിയ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. രാത്രി ഒമ്പതുമണിയോടെ ഗോപാല്‍ പുറത്തേക്ക് പോയി. ഭക്ഷണം വാങ്ങാന്‍ ഇറങ്ങുന്നു എന്നാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നത്. എന്നാല്‍ പീന്നീട് ഇയാള്‍ തിരിച്ചുവന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ പ്രേം കുമാര്‍ നടത്തിയ പരിശോധനയിലാണ് മുറിയില്‍ കൃതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും മഥുരയിലെത്തിയ ഗോപാല്‍ യുപി പൊലീസില്‍ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ശേഷം ഗോപാലിനെ ദില്ലി പൊലീസിന് കൈമാറി. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും ഗോപാല്‍ ശര്‍മ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

YouTube video player