ക്രൈസ്റ്റ്ചര്‍ച്ച്: മതവിശ്വാസികളെ ഞെട്ടിച്ച് ന്യൂസിലാന്‍ഡിലെ പുതിയ സെന്‍സസ്.  ന്യൂസിലാന്‍ഡില്‍ മത വിശ്വാസികളേക്കാള്‍ കൂടുതല്‍ മതത്തില്‍ വിശ്വസിക്കാത്തവരെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരുമതത്തിലും വിശ്വസിക്കുന്നില്ലെന്ന് രേഖപ്പെടുത്തിയവര്‍ രാജ്യത്തെ 48.59 ശതമാനം വരും. 2013ലെ സെന്‍സസില്‍ 41.92 ശതമാനം ആളുകളാണ് മത വിശ്വാസികളല്ലാത്തവരായി ഉണ്ടായിരുന്നത്. അതേസമയം, ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായി. 2013ല്‍ 47.65 ശതമാനം പേരും ക്രിസ്ത്യന്‍ മത വിശ്വാസികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ വെറും 37.31 ശതമാനമായി കുറഞ്ഞു.

ന്യൂസിലാന്‍ഡിലെ ജനത മാറി ചിന്തിച്ചുതുടങ്ങിയെന്ന് സെക്കുലര്‍ സംഘടനയായ ഹ്യൂമനിസ്റ്റ് ന്യൂസിലാന്‍ഡ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ക്രിസ്ത്യന്‍ മതത്തിന് സമൂഹത്തിന്‍റെ ഘടന നിര്‍ണയിക്കുന്നതില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. എന്നാല്‍, ആധുനിക ന്യൂസിലാന്‍ഡ് ഇപ്പോള്‍ മാറി ചിന്തിക്കുകയാണെന്ന് ഹ്യൂമനിസ്റ്റ് ന്യൂസിലാന്‍ഡ് പ്രസിഡന്‍റ് ജെലേന്‍ ഫിപ് പറഞ്ഞു. ന്യൂസിലാന്‍ഡിലെ സ്കൂളുകളിലും ആശുപത്രികളിലും എല്ലാം ക്രിസ്ത്യന്‍ മതം ആധിപത്യം പുലര്‍ത്തിയിരിക്കുകയായിരുന്നു. മത വിശ്വാസികളല്ലാത്തവര്‍ക്ക് ആദരവ് ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹിന്ദു, മുസ്ലിം, സിഖ് മതവിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഹിന്ദു മതവിശ്വാസികളുടെ എണ്ണം 89,319ല്‍നിന്ന് 1,23,534 ആയി ഉയര്‍ന്നു. ഇസ്ലാം മതവിശ്വാസികളുടെ എണ്ണം 46,149ല്‍നിന്ന് 61,455 ആയും സിഖ് മത വിശ്വാസികള്‍ 19,191ല്‍നിന്ന് 40,908 ആയും ഉയര്‍ന്നു.