സന്ധിവാതം മാറ്റാൻ വേണ്ടി കടുവയുടെ മൂത്രം ശേഖരിച്ച് വില്പന നടത്തി ചൈനയിലെ മൃഗശാല. സിചുവാൻ പ്രവിശ്യയിലെ പ്രശസ്തമായ യാൻ ബൈഫെങ്ക്സിയ വന്യമൃഗ ശാലയിലാണ് സന്ധിവാതത്തിനായി സൈബീരിയൻ കടുവകളുടെ മൂത്രം ശേഖരിച്ച് വിൽക്കുന്നത്

ബെയ്‌ജിങ്‌: സന്ധിവാതം മാറ്റാൻ വേണ്ടി കടുവയുടെ മൂത്രം ശേഖരിച്ച് വില്പന നടത്തി ചൈനയിലെ മൃഗശാല. സിചുവാൻ പ്രവിശ്യയിലെ പ്രശസ്തമായ യാൻ ബൈഫെങ്ക്സിയ വന്യമൃഗ ശാലയിലാണ് സന്ധിവാതത്തിനായി സൈബീരിയൻ കടുവകളുടെ മൂത്രം ശേഖരിച്ച് വിൽക്കുന്നത്. 50 യുആൻ അതായത് ഇന്ത്യയിലെ 596 രൂപയാണ് 250 ഗ്രാം വരുന്ന മൂത്രത്തിന് വില വരുന്നത്. സന്ധിവേദന, ഉളുക്ക് തുടങ്ങിയവയ്ക്ക് കടുവ 
മൂത്രം പരിഹാരമുണ്ടാകുമെന്നാണ് ഇവരുടെ പക്ഷം. 

കടുവയുടെ മൂത്രത്തിൽ വൈറ്റ് വൈൻ കൂടെ ചേർത്ത് ഇഞ്ചിയോടൊപ്പം വേദനയുള്ള ശരീര ഭാഗങ്ങളിൽ പുരട്ടാം. അല്ലെങ്കിൽ ഇത് കുടിക്കുകയും ചെയ്യാം എന്നാൽ ഉപയോഗിക്കുമ്പോൾ ഉപയോക്താവിന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകളോ അലർജിയോ അനുഭവപ്പെട്ടാൽ ഉപയോഗം നിർത്തണമെന്നും മൃഗശാല അധികൃതർ നിർദ്ദേശിക്കുന്നു. കടുവ മൂത്രമൊഴിക്കുമ്പോൾ അതൊരു പാത്രത്തിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശേഖരിക്കുന്ന മൂത്രം എന്തെങ്കിലും തരത്തിൽ അണുവിമുക്തമാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമല്ലെന്ന് ഈ പ്രദേശത്തെ ജീവനക്കാരൻ പറഞ്ഞു. ഒരു ദിവസം രണ്ട് ബോട്ടിലിൽ കൂടുതൽ ചെലവായിട്ടില്ലെന്നും ജീവനക്കാരൻ വെളിപ്പെടുത്തി. 

എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഹുബെയ് പ്രൊവിൻഷ്യൽ ട്രഡീഷണൽ മെഡിസിൻ ആശുപത്രിയിലെ ഒരു ഫാർമസിസ്റ്റ് രംഗത്തെത്തിയിരുന്നു. ചൈനയിലെ പരമ്പരാഗത ചികിത്സ രീതികളിലോ ആധുനിക ചികിത്സ രംഗത്തോ കടുവയുടെ മൂത്രം ഉപയോഗിക്കുന്നത് ആരോഗ്യപരമായ നേട്ടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതിലൂടെ ചൈനയിലെ പരമ്പരാഗത ചികിത്സ രീതികളെകുറിച്ച് ആളുകൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നു. നിയമപരമായി തെളിയിക്കപ്പെടാത്ത പരീക്ഷണങ്ങളിൽ ആശങ്കയുണ്ടെന്നും ഇയാൾ വ്യക്തമാക്കി. 

കടുവയുടെ മൂത്രം ഔഷധ ഉത്പന്നമായി വിൽക്കുമ്പോൾ നിർബന്ധമായും സർക്കാർ അംഗീകാരത്തിന് വിധേയമാക്കണം. അല്ലാത്തപക്ഷം അത് വിൽക്കുവാനുള്ള നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ആരോഗ്യ വിദഗ്ദ്ധൻ രംഗത്തെത്തിയിരുന്നു. അതേസമയം കടുവ മൂത്രം വിൽക്കാൻ നിയമപരായി ലൈസെൻസ് എടുത്തിട്ടുണ്ടെന്ന് മൃഗശാലയിലെ ജീവനക്കാരൻ പ്രതികരിച്ചു. എന്നാൽ ഇത് ഔഷധമായി വിൽക്കാനുള്ള അനുവാദമുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. 

സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പലരും ഇത് കണ്ട് വാങ്ങി പരീക്ഷിക്കുകയും ചെയ്തു. മരുന്ന് ഉപയോഗിച്ചവർ നല്ല അഭിപ്രായങ്ങൾ അല്ല പറഞ്ഞതെന്നതും ചർച്ചയായി. 2014ൽ നടത്തിയ ഒരു റിയാലിറ്റി ഷോയിൽ സെലിബ്രിറ്റിക്ക് യാൻ ബൈഫെങ്ക്സിയ വന്യമൃഗ ശാലയിൽനിന്നും കടുവയുടെ മൂത്രം സമ്മാനമായി നൽകിയിരുന്നു. 

ഓർഡർ ചെയ്തത് പനീർ, കിട്ടിയത് ചിക്കന്‍ ബർഗർ, ചോദിക്കാനായി കടയില്‍ എത്തിയപ്പോൾ കണ്ടത്...; വീഡിയോ വൈറല്‍