Asianet News MalayalamAsianet News Malayalam

പ്രതീക്ഷയുടെ പുതുവെളിച്ചം; ഇറ്റലിയില്‍ കൊവിഡിനെ പൊരുതി തോല്‍പ്പിച്ച് 103കാരി

18,279 പേരാണ് ഇതുവരെ ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 143,626 പേര്‍ക്ക് ഇറ്റലിയില്‍ രോഗം ബാധിച്ചപ്പോള്‍ 28,470 പേര്‍ക്ക് മാത്രമാണ് അതില്‍ രോഗമുക്തി ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളൂ.

103 year-old Italian woman recovers from covid 19
Author
Lessona, First Published Apr 10, 2020, 12:35 PM IST

മിലാന്‍: ലോക രാജ്യങ്ങളെ ആകെ വിറപ്പിച്ച് കൊവിഡ് 19 വൈറസ് ബാധ പടരുമ്പോള്‍ ഏറ്റവുമധികം തിരിച്ചടികളേറ്റ് വാങ്ങിയ രാജ്യം ഇറ്റലിയാണ്. 18,279 പേരാണ് ഇതുവരെ ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.  143,626 പേര്‍ക്ക് ഇറ്റലിയില്‍ രോഗം ബാധിച്ചപ്പോള്‍ 28,470 പേര്‍ക്ക് മാത്രമാണ് അതില്‍ രോഗമുക്തി ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളൂ.

കൊവിഡ് ബാധിച്ചവരില്‍ അപകടഭീഷണി കൂടുതല്‍ നേരിടുന്നത് പ്രായമായവരാണെന്ന് ആരോഗ്യരംഗം ഒന്നടങ്കം അടിവരയിടുമ്പോള്‍ അതില്‍ പോരാട്ടവീര്യം കൊണ്ട് ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് ഒരു 103 വയസുകാരി. കൊവിഡ് തകര്‍ത്തെറിഞ്ഞ ഇറ്റലി എന്ന രാജ്യത്തിന് മുഴുവന്‍ പ്രതീക്ഷകള്‍ നല്‍കിയാണ് സനൂസോ എന്ന 103 വയസുകാരി കൊവിഡിനെ അതിജീവിച്ചിരിക്കുന്നത്.

ഇറ്റലിയിലെ ലെസോണയിലുള്ള മരിയ ഗ്രേസിയ നേഴ്‌സിംഗ് ഹോമിലാണ് സനൂസോ ചികിത്സകള്‍ക്ക് വിധേയയായത്. ധൈര്യവും ആത്മവിശ്വാസവും ഒപ്പം വിശ്വാസവുമാണ് തന്നെ കൊവിഡില്‍ നിന്ന് മുക്തയാകാന്‍ സഹായിച്ചതെന്നാണ് സനൂസ പറഞ്ഞത്. ലോകം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ നേരത്തെ നെതര്‍ലാന്‍ഡ്സില്‍ നിന്നും ഇത്തരത്തില്‍ ഒരു ആശ്വാസ വാര്‍ത്ത പുറത്ത് വന്നിരുന്നു.

അവിടെ ഒരു നൂറ്റിയേഴുകാരിയാണ് കൊവിഡിനെ പൊരുതി തോല്‍പ്പിച്ചത്. കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ അമ്മൂമ്മയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 104 വയസുള്ള അമേരിക്കന്‍ സ്വദേശിയായിരുന്നു ഇതിന് മുമ്പ് ഈ റെക്കോര്‍ഡിന് ഉടമയായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

Follow Us:
Download App:
  • android
  • ios