വാഹനങ്ങളില്‍ ആയുധങ്ങളുമായി വന്‍ സന്നാഹത്തോടെയാണ് സംഘം ജയിൽ പരിസരത്ത് എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 


മെക്സിക്കോ സിറ്റി: മെക്കിസിക്കോയിലെ സ്യൂഡോസ്‍വാറസിലെ ജയിലില്‍ ഉണ്ടായ വെടിവയ്പ്പില്‍ 14 പേർ കൊല്ലപ്പെട്ടു. ഇതില്‍ 10 പേര്‍ ജയില്‍ ഉദ്യോഗസ്ഥരും 4 പേര്‍ കുറ്റവാളികളുമാണ്. വെടിവയ്പ്പിനിടെ 24 ഓളം തടവുകാര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തടവു പുള്ളികളെ കാണാനായി എത്തിയവര്‍ക്കൊപ്പം ജയില്‍ കടന്ന സായുധ സംഘമാണ് ജയില്‍ വെടിവയ്പ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനങ്ങളില്‍ ആയുധങ്ങളുമായി വന്‍ സന്നാഹത്തോടെയാണ് സംഘം ജയിൽ പരിസരത്ത് എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെ വാഹനങ്ങളില്‍ ആയുധവുമായെത്തിയ സംഘം തടവ് പുള്ളികളെ കാണാനെത്തിയ ആളുകളോടൊപ്പം ജയിലിനുള്ളില്‍ കടക്കുകയായിരുന്നു. വാഹനങ്ങളില്‍ എത്തിയ ആയുധധാരികള്‍ ആദ്യം പൊലീസിന് നേരെയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ ജയിലിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വെടിവെയ്പ്പിന് പിന്നാലെ ഇവര്‍ പുറത്ത് കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് വാഹനം പിന്തുടരുകയും നാല് പേരെ പിടികൂടുകയും ചെയ്തു. ഇതിനിടെ മറ്റൊരു വാഹനത്തില്‍ പോവുകയായിരുന്ന രണ്ട് തോക്കുധാരികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള് പറയുന്നു. 

എന്നാല്‍, ഇതിനിടെ ഹമ്മറിലെത്തിയ മറ്റൊരു സംഘം ജയിലിനുള്ളില്‍ കടക്കുകയും ശക്തമായ വെടിവയ്പ്പ് നടത്തുകയുമായിരുന്നു. രണ്ടാമത്തെ ആക്രമണത്തിലാണ് കൂടുതല്‍ മരണങ്ങളുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ജയില്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. ജയില്‍പ്പുള്ളികളെയും തടവിലാക്കിയ ആയുധധാരികളെയും ചോദ്യം ചെയ്യുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ, ഈ ജയിലിനുള്ളിൽ നടന്ന കലാപത്തില്‍ 11 പേര്‍ മരിച്ചിരുന്നു. ഈ കലാപം ജയില്‍ നിന്ന് തെരുവുകളിലേക്കും അക്രമാസക്തമായി പടര്‍ന്നു. പരിമിതമായ സാഹചര്യത്തില്‍ കൂടുതല്‍ കുറ്റവാളികളെ കുത്തി നിറച്ച മെക്സിക്കന്‍ ജയിലുകളില്‍ കലാപങ്ങള്‍ പതിവാണ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ തമ്മിലാണ് ജയിലുകളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.