നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് സംഭവം. ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ദില്ലി: പശ്ചിമ ആഫ്രിക്കയിൽ വീണ്ടും കപ്പൽ തട്ടിയെടുത്തു. ഇന്ത്യക്കാർ അടങ്ങുന്ന സംഘത്തെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ 19 പേരിൽ 18 പേരും ഇന്ത്യക്കാരാണ്. ഒരു തുർക്കിക്കാരനും കപ്പലിലുണ്ട്. നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് സംഭവം. ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

10 പേർ അടങ്ങുന്ന കടൽക്കൊള്ളക്കാരുടെ സംഘമാണ് തട്ടികൊണ്ടുപോകൽ നടത്തിയത്. ഈ പ്രദേശത്ത് ഇത് മൂന്നാം തവണ തട്ടികൊണ്ടുപോകൽ നടക്കുന്നത്. 19 പേരെ തട്ടികൊണ്ടുപോയെന്ന് കമ്പനി സ്ഥിരീകരിച്ചു. അതേസമയം, കപ്പൽ സുരക്ഷിതമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് അറിയിപ്പ്. കപ്പലിൽ ശേഷിക്കുന്ന ഏഴ് നാവികരോട് കപ്പൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്‍റെ വിവരങ്ങൾ ശേഖരിച്ചു വരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. 

മലയാളികള്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല

ചീഫ് എന്‍ജിനിയറുടെ ഭാര്യ ഉള്‍പ്പടെ 18 ഇന്ത്യാക്കാരെയുമാണ് തട്ടിക്കൊണ്ടുപോയിരുക്കുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. ഡിസംബര്‍ മൂന്നിനാണ് ഹോങ്കോങ്ങ് രജിസ്‌ട്രേഷനിലുള്ള വിഎല്‍സിസി നവേ കണ്‍സ്റ്റലേഷന്‍ എന്ന ക്രൂഡ് ഓയില്‍ ടാങ്കര്‍ ജീവനക്കാര്‍ സഹിതം കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. നൈജീരിയന്‍ തീരത്തുനിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ തട്ടിയെടുത്തത്. നൈജീരിയന്‍ സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കപ്പലും ജീവനക്കാരേയും സുരക്ഷിതരാക്കുന്നതിന് നൈജീരിയന്‍ നേവിയെ അവിടുത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ പേര് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അവര്‍ ഏതെല്ലാം സംസ്ഥാനത്തില്‍ നിന്നുള്ളവരാണ് എന്ന് എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.