പാളം തെറ്റിയ മില്ലറ്റ് എക്സ്പ്രസിലേക്ക് സര്‍സയ്യിദ് എക്സ്പ്രസ് ഇടിച്ച് കയറിയാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 

തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റിയ മില്ലറ്റ് എക്സ്പ്രസിലേക്ക് സര്‍സയ്യിദ് എക്സ്പ്രസ് ഇടിച്ച് കയറിയാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 

വലിയ മെഷീന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബോഗികളില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം നടന്നയിടത്തേക്ക് പോവുമെന്നും കൂട്ടിയിടിയും പാളം തെറ്റളും ഉണ്ടായതെങ്ങനെയാണെന്ന് കണ്ടെത്തുമെന്നും പാക് റെയില്‍വേ മന്ത്രി അസം സ്വാതി പ്രതികരിച്ചു. നിലവിലെ വെല്ലുവിളി ബോഗിയിലും മറ്റ് അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ ആളുകളാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും അസം സ്വാതി വിശദമാക്കി.

രണ്ട് ട്രെയിനുകളിലായി ഏകദേശം 1100 യാത്രക്കാരുണ്ടായിരുന്നതായാണ് റെയില്‍വേയുടെ കണക്കുകള്‍. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ അപകടത്തില്‍ പാക് പ്രധാനമന്ത്രി അഗാധമായ ഖേദം വ്യക്തമാക്കി. പരിക്കേറ്റ അന്‍പതോളം പേരെ ഇതിനേടകം ആശുപത്രിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിഗ്നലിംഗിലെ തകരാറ് മൂലവും പാളങ്ങളുടെ കാലപ്പഴക്കവും മൂലം ട്രെയിന്‍ അപകടങ്ങള്‍ പാകിസ്ഥാനില്‍ പതിവാണ്. 1990ല്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 210 പേരാണ് കൊല്ലപ്പെട്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona