Asianet News MalayalamAsianet News Malayalam

ശ്രീലങ്കയിലെ സ്ഫോടനം: മലയാളിയടക്കം 207 പേര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ അറസ്റ്റില്‍

സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി

207 killed in Sri Lanka explosions
Author
Sri Lanka, First Published Apr 21, 2019, 6:47 PM IST

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയെ ഞെട്ടിച്ച് സ്ഫോടന പരമ്പരകള്‍. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ സ്ഫോടനത്തിൽ മലയാളി ഉള്‍പ്പടെ 207 പേര്‍ കൊല്ലപ്പെട്ടു. 450ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി പി എസ് റസീന (61) ആണ് മരിച്ചത്. ദുബായില്‍ സ്ഥിര താമസമാക്കിയ പി എസ് റസീന ബന്ധുക്കളെ കാണാൻ വേണ്ടിയാണ് ശ്രീലങ്കയിലെത്തിയത്. പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ രാവിലെയും ഉച്ചയ്ക്കുമായി എട്ടിടങ്ങളിലാണ് ഇന്ന് സ്ഫോടനമുണ്ടായത്. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്‍റിനെ അനുശോചനം അറിയിച്ചു.

ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം  വീണ്ടുമൊരു സ്ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ

കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് രാവിലെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 160-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദേശികളാണ്. ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. വടക്കന്‍ കൊളംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. കൊളംബോ നഗരത്തിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ചിലുണ്ടായ സ്ഫോടനത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി. പക്ഷേ ഇവിടങ്ങളില്‍ എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സ്ഫോടന സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം. 

സ്ഫോടകവസ്തുകള്‍ ഉപയോഗിച്ച് നടത്തിയതാണ് സ്ഫോടനം എന്നായിരുന്നു  പ്രാഥമിക നിഗമനമെങ്കിലും ചാവേറാക്രമണം ഉണ്ടായെന്നും സൂചനയുണ്ട്. ഹോട്ടലുകളില്‍ സ്ഫോടനമല്ല ചാവേറാക്രമണമാണ് ഉണ്ടായതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ സംബന്ധിച്ചോ ആക്രമണത്തിന്‍റെ നിജസ്ഥിതിയെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios