കാംപീൻ: അനധികൃതമായി പ്രവർത്തിച്ച സ്വർണ്ണഖനി തകർന്ന് കോംഗോയിലെ കാംപീൻ നഗരത്തിനടുത്ത് 22 പേർ മരിച്ചു. കോംഗോയുടെ സാമൂഹ്യകാര്യ മന്ത്രി സ്റ്റീവ് എംബികൈ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്നലെയാണ് ഖനി തകർന്നത്. 14 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ശേഷിച്ച എട്ട് പേരുടെ മരണം. ഇവരിൽ ഒരാൾ വ്യാഴാഴ്ചയാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങളുടെ സംസ്‌കാരത്തിനുള്ള ചെലവും പരിക്കേറ്റവരുടെ ചികിത്സ ചിലവും സർക്കാർ വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് തൊഴിലാളികൾ ജോലി ചെയ്തതെന്നാണ് വിവരം. മേഖലയിൽ ഇതാദ്യമായല്ല ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂണിൽ തെക്കുകിഴക്കൻ പ്രവിശ്യയിൽ കോപ്പർ ഖനി തകർന്ന് 36 തൊഴിലാളികൾ മരിച്ചിരുന്നു.