മാർച്ച് 19 ന് ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഫോൺ കോളെത്തിയിരുന്നു. അർഫത്തിനെ തട്ടിക്കൊണ്ടു പോയതാണെന്നും 1,200 ഡോളർ നൽകണമെന്നും ആവശ്യപ്പെട്ടെന്ന് പിതാവ്.

വാഷിങ്ടൻ: യുഎസിൽ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്. മൂന്നാഴ്ച മുൻപാണ് അർഫാത്തിനെ കാണാതായത്. 

അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. അർഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നും എംബസി അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‍ലാൻഡ് സർവകലാശാലയിൽ എത്തിയത്. അതേസമയം അർഫാത്തിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പുറത്ത് വരുന്ന വിവരം.

മാർച്ച് ഏഴിനാണ് അർഫാത്തിത്ത് വീട്ടുകാരുമായി അവസാനമായി ബന്ധപ്പെടുന്നത്. മകനുമായി മാർച്ച് ഏഴിന് സംസാരിച്ചിരുന്നെന്നും എന്നാൽ പിന്നീട് ബന്ധപ്പെട്ടപ്പോഴെല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് മെസേജ് ലഭിച്ചതെന്ന് അർഫത്തിന്‍റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു. മാർച്ച് 19 ന് ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഫോൺ കോളെത്തിയിരുന്നു. അർഫത്തിനെ തട്ടിക്കൊണ്ടു പോയതാണെന്നും 1,200 ഡോളർ നൽകണമെന്നും ആവശ്യപ്പെട്ടു. മകനോട് സംസാരിക്കാൻ അനുവദിക്കണമെന്ന് വിളിച്ചയാളോട് ആവശ്യപ്പെട്ടപ്പോൾ സമ്മതിച്ചില്ല, പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല- പിതാവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്.

Scroll to load tweet…

ഈ വർഷം യുഎസിൽ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അർഫാത്ത്. ഇതിൽ മിക്കതും വിദ്യാർഥികളാണ്. യുഎസിലെ കണക്കുകൾ പ്രകാരം 2022–23 കാലത്ത് 2.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 35 ശതമാനം കൂടുതലാണ്. കഴിഞ്ഞ വെള്ളിയാഴ്ചും ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കിയിൽ മരിച്ച നിലയിൽ കമ്ടെത്തിയിരുന്നു. ഇന്ത്യൻ വംശജയായ ഉമ സത്യസായ് ​ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയിൽ മരിച്ചത്. കഴിഞ്ഞ മാർച്ചിൽ, കൊൽക്കത്തയിൽ നിന്നുള്ള ശാസ്ത്രീയ നർത്തകൻ അമർനാഥ് ഘോഷ് മിസൗറിയിലെ സെന്‍റ് ലൂയിസിൽ വെടിയേറ്റ് മരിച്ചിരുന്നു. ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള 20 വയസ്സുള്ള വിദ്യാർത്ഥിയായ പരുചൂരി അഭിജിത്തും മാർച്ച് മാസം കൊല്ലപ്പെട്ടിരുന്നു. 

Read More : ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രവും മനുഷ്യ അന്തസിന് ഭീഷണിയാണെന്ന് വത്തിക്കാൻ, പ്രസ്താവന പുറത്ത്