Asianet News MalayalamAsianet News Malayalam

ജർമനിയിലെ കത്തിയാക്രമണം, അറസ്റ്റിലായത് സിറിയൻ സ്വദേശി, ആക്രമണം നടന്നത് അഭയാർത്ഥി കേന്ദ്രത്തിന് സമീപം

ഇസ അൽ എച്ച് എന്ന 26കാരനാണ് പശ്ചിമ ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങളുമായി യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു

26-year-old Syrian national held in knife attack in germany suspected member of the Islamic State
Author
First Published Aug 26, 2024, 10:27 AM IST | Last Updated Aug 26, 2024, 10:27 AM IST

സോലിങ്കൻ: ജർമനിയിൽ നടന്ന കത്തിയാക്രമണത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് സംശയിക്കുന്ന പ്രതിയുടെ വിവരങ്ങൾ പുറത്ത്. ഇസ അൽ എച്ച് എന്ന 26കാരനാണ് പശ്ചിമ ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങളുമായി യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. സിറിയൻ പൌരനായ യുവാവ്  2022ലാണ് സിറിയയിലെ കലാപ അന്തരീക്ഷത്തിൽ നിന്ന് ജർമനിയിൽ എത്തിയത്. ആക്രമണത്തേക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന 15കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അഭയാർത്ഥി കേന്ദ്രത്തിന് 300 മീറ്റർ അകലെയായിരുന്നു വെള്ളിയാഴ്ച കത്തിയാക്രമണം നടന്നത്. മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തിയാക്രമണത്തിന് പിന്നാലെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. 56 ഉം 67ഉം പ്രായമുള്ള പുരുഷൻമാരും 56 വയസുള്ള സ്ത്രീയുമാണ് വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടത്.  ശനിയാഴ്ച ഇസ്ലാമിക് സ്റ്റേറ്റ്  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരം നഗര മധ്യത്തിൽ നടന്ന ആഘോഷത്തിനിടയിലായിരുന്നു ആക്രമണം നടന്നത്. അജ്ഞാതനായ ഒരാൾ നിരവധി ആളുകളെ ആക്രമിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കിയത്. വ്യവസായിക നഗരമായ സോലിങ്കൻ സ്ഥാപിതമായതിന്റെ 650ാം വാർഷിക ആഘോഷത്തിനിടയിലേക്കാണ് അക്രമി എത്തിയത്. സ്റ്റേജിൽ ഗാനമേള നടക്കുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കത്തിയാക്രമണം. അക്രമിക്കപ്പെട്ടവരുടെ കഴുത്തിന് അടക്കമാണ് കുത്തേറ്റിട്ടുള്ളത്. 160000 ത്തോളം ആളുകളാണ് സ്റ്റീൽ  വ്യവസായ നഗരമായ സോലിങ്കനിൽ താമസമാക്കിയിട്ടുള്ളത്. 

വേദിയിൽ പാടുന്നവരുടെ മുഖത്ത് നിന്ന് ചുറ്റും അരുതാത്തത് നടക്കുന്നുവുണ്ടെന്ന് തോന്നിയെന്നും പിന്നാലെ തന്നെ സമീപത്ത് ഒരാൾ പരിക്കേറ്റ് വീഴുന്നത് കണ്ടെന്നുമാണ് കത്തിയാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ പൊലീസിനോട് വിശദമാക്കിയത്. സംഭവത്തിന്റെ ദൃക്സാക്ഷികളിൽ നിന്ന് അക്രമിയേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നതിനിടയിലാണ് അക്രമി കീഴടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios