വൈകുന്നേരത്തോടെ ഓഫീസിലെത്തിയ ഇയാളെ പിറ്റേന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 35കാരന്റെ മരണ കാരണം ഇനിയും വ്യക്തമല്ല
സിലികോൺ വാലി: മൈക്രോസോഫ്റ്റിന്റെ ഓഫീസിൽ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയർ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. മൈക്രോ സോഫ്റ്റിന്റെ സിലിക്കോൺ വാലിയിലെ ക്യാംപസിലെ ഓഫീസിലാണ് 35കാരനായ സോഫ്റ്റ്‍വെയർ എൻജിനീയറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതീക് പാണ്ഡെ എന്ന ഇന്ത്യൻ വംശജനെയാണ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവ എൻജിനീയർക്ക് സ്ഥിരമായി രാത്രി വൈകി ജോലി ചെയ്യേണ്ടി വന്നിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. വൈകുന്നേരത്തോടെ ഓഫീസിലെത്തിയ ഇയാളെ പിറ്റേന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 35കാരന്റെ മരണ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് സാന്റാ ക്ലാരാ കൗണ്ടി മെഡിക്കൽ എക്സാമിനർ വിശദമാക്കുന്നത്. പ്രതീകിന്റെ മൃതദേഹത്തിൽ സംശയപരമായ രീതിയിലുള്ള ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മർദ്ദനമേറ്റതായി കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വിശദമാക്കുന്നത്. മൈക്രോസോഫ്റ്റിലെ ഫാബ്രിക് പ്രൊഡക്ട് വിഭാഗത്തിലെ ഡാറ്റ അനലിസ്റ്റായിരുന്നു പ്രതീക്.
സ്നോഫ്ലേക്ക് അടക്കമുള്ള പ്ലാറ്റ്ഫോമുകളുമായി ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നതാണ് മെക്രോസോഫ്റ്റിലെ ഈ വിഭാഗം. മെക്രോസോഫ്റ്റിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റിനായിരുന്നു പ്രതീക് റിപ്പോർട്ട് ചെയ്തിരുന്നത്. 2020ലാണ് മൈക്രോസോഫ്റ്റിൽ ചേരുന്നതിന് മുൻപ് വാൾമാർട്ട്, ആപ്പിൾ അടക്കമുള്ള ടെക് ഭീമൻമാരോടൊപ്പം പ്രതീക് ജോലി ചെയ്തിട്ടുണ്ട്. രണ്ട് ബിരുദാന്തര ബിരുദമാണ് പ്രതീകിനുള്ളത്. കംപ്യൂട്ടർ സയൻസിലും കംപ്യൂട്ടർ സോഫ്റ്റ്‍വെയർ എൻജിനിയറിംഗിലും അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ നിന്ന് ബിരുദാന്തര ബിരുദം പ്രതീക് നേടിയിട്ടുണ്ട്.
മധ്യപ്രദേശിൽ നിന്നാണ് ബിരുദം നേടിയത്. ബെംഗളൂരുവിൽ സോഫ്റ്റ് എൻജിനിയറുടെ മരണമുണ്ടായി മാസങ്ങൾ പിന്നിടും മുൻപാണ് പ്രതീകിന്റെ മരണം. തൊഴിൽ സമ്മർദ്ദം താങ്ങാനാവുന്നതിനും അപ്പുറമായതിന് പിന്നാലെയാണ് മെയ് മാസത്തിൽ നിഖിൽ സോമ്വാൻഷി എന്ന സോഫ്റ്റ്‍വെയർ എൻജിനിയർ ബെംഗളൂരുവിൽ ജീവനൊടുക്കിയത്.
