Asianet News MalayalamAsianet News Malayalam

മെക്‌സിക്കോ കുടിയേറ്റ ക്യാമ്പില്‍ തീപിടിത്തം, 40 പേര്‍ മരിച്ചു; കുടിയേറ്റക്കാർ തന്നെ തീയിട്ടതെന്ന് പ്രസിഡന്‍റ്

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 68 കുടിയേറ്റക്കാരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നതെന്നും അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

40 killed in Mexico migrant centre fire accident vkv
Author
First Published Mar 29, 2023, 11:13 AM IST

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ മരിച്ചു. തിങ്കളാഴ്ച്ച പ്രാദേശികസമയം രാത്രി പത്തുമണിക്ക് വടക്കന്‍ മെക്‌സിക്കോ-യുഎസ് അതിര്‍ത്തിക്ക് സമീപത്തെ സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിലാണ് അപകടമുണ്ടായത്. ആദ്യമായാണ് കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇത്രയും അധികം പേര്‍ മരിക്കുന്നതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 68 കുടിയേറ്റക്കാരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നതെന്നും അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ ക്യാമ്പിലെ ബെഡുകള്‍ക്ക് തീയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് പറഞ്ഞു. നാട്ടുകടത്തുമെന്ന ഭയത്തിലായിരുന്നു കുടിയേറ്റക്കാര്‍. ഇതില്‍ പ്രതിഷേധിച്ചാണ് അവര്‍ ബെഡുകള്‍ക്ക് തീയിട്ടതെന്നും പ്രസിഡന്റ് പറഞ്ഞു. 

സംഭവത്തില്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്വോട്ടിമല, വെനസ്വേല, കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 28 പേരും ഗ്വോട്ടിമല പൗരന്‍മാരാണെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

Read More :  സ്വര്‍ണഖനി തകര്‍ന്നുവീണു, മണ്ണും കല്ലും വീണുകൊണ്ടിരുന്നു, തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന വീഡിയോ 

മെക്‌സിക്കോ ദേശീയ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് അപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍പ്പെട്ടവരെ സ്വീകരിക്കാന്‍ ആരോഗ്യസംവിധാനങ്ങള്‍ സജ്ജമാണെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി പേരാണ് മെക്‌സിക്കോ വഴി യുഎസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നത്. അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തികളില്‍ കര്‍ശനപരിശോധനയും ഉയര്‍ന്ന മതിലുകളും യുഎസ് സ്ഥാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios