ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
ന്യൂയോർക്ക്: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. അമേരിക്കയിൽ കെന്‍റക്കി സംസ്ഥാനത്തിലെ ലൂയിവിലെ നഗരത്തിലെ ഒരു ബാങ്കിലാണ് വെടിവെയ്പ്പും കൊലപാതകവും നടന്നത്. ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടെതായാണ് വിവരം. അക്രമിയടക്കമുള്ള അഞ്ച് പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച്ച രാവിലെ എട്ടരയ്ക്ക് ഓൾഡ് നാഷണൽ ബാങ്കിലാണ് വെടിവെയ്പ്പ് നടന്നത്.
ബാങ്കിലെ മുന്‍ ജീവനക്കാരനാണ് അക്രമിയെന്നാണ് വിവരം. ഇക്കാര്യം പൊലീസ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ബാങ്കിനകത്ത് കയറി അക്രമി കോണ്‍ഫറന്‍സ് റൂമിനകത്തേക്ക് തോക്കുമായെത്തിയ ശേഷമായിരുന്നു അക്രമം നടത്തിയതെന്നാണ് സൂചന. കോൺഫറൻസ് റൂമിനകത്ത് അക്രമി ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസും എഫ് ബി ഐയും അന്വേഷണം തുടങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ജർമ്മനിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ഹാംബർഗിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു എന്നതാണ്. ജർമ്മൻ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. അതേസമയം, ആക്രമണത്തിൽ ഒന്നോ അതിലധികമോ അക്രമികൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഗ്രോസ്ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകൾ ലഭിച്ചിട്ടില്ല. ആറ് പേർ കൊല്ലപ്പെട്ടതായാണ് നിരവധി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അക്രമിയെ പിടികൂടാനായിട്ടില്ല എന്നാണ് വിവരം. അന്വേഷണം ഊർജ്ജിതമാണെന്നും പ്രതി ഉടൻ തന്നെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.
യൂറോപ്പിനെ ഞെട്ടിച്ച് ആക്രമണം; ജർമ്മനിയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്, നിരവധി മരണം, ആശങ്ക
