ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിലറിയാം ചുവടെ

1മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്: റിവ്യൂ ഹർജി ലോകായുക്ത നാളെ പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായ റിവ്യു ഹർജി ലോകായുക്ത നാളെ പരിഗണിക്കും. ഭിന്ന വിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ഫുൾ ബെഞ്ച് മറ്റന്നാൾ കേസ് പരിഗണിക്കുന്നതിന് മുമ്പാണ് റിവ്യു ഹർജിയിലെ തീർപ്പ് വരുന്നത്. ലോകായുക്ത ഭിന്നവിധിയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് വീണ്ടും കേസ് പരിഗണിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടായതും കേസ് ഫുൾ ബെഞ്ചിന് വിട്ടതും. എന്നാൽ 2019 ൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ടശേഷം കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരൻ ആർഎസ് ശശികുമാർ ഭിന്ന വിധിക്കെതിരെ റിവ്യുഹർജി നൽകിയത്.

2മുൻ മന്ത്രി വി.എസ് ശിവകുമാറിന് ഇഡി നോട്ടീസ്; 20ന് ചോദ്യം ചെയ്യലിന് ഹാജരാവണം

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്ന് ഇ ഡി പറയുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലൻസും കേസെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നീക്കവും. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

3വരദ വിൽപ്പന; വിവാദത്തിൽ വിശദീകരണവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി

വീട് വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി രംഗത്തെത്തി. വരദ എന്ന വീട് സ്മാരകം ആക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിവേദനം നൽകിയിട്ടില്ലെന്നും ലക്ഷ്മി ദേവി പറഞ്ഞു. കാറ് പോലും കയറാത്ത വീട്ടിൽ താമസിക്കുന്നതിന് പോലും അസൗകര്യം ഉള്ള സ്ഥിതിക്കാണ് വിൽപ്പന നടത്തിയത്. അതിനുള്ള പൂര്‍ണ്ണ അവകാശവും ഉണ്ട്. വീട് വാങ്ങിയവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സ്മാരകമാക്കാൻ താൽപര്യമുണ്ടെങ്കിൽ തൊട്ടടുത്ത് തന്നെയുള്ള അഭയ എന്ന തറവാട് വീടാണ് അതിന് അനുയോജ്യമെന്നും ലക്ഷ്മി ദേവി പ്രസ്താവനയിൽ പറഞ്ഞു. സു​ഗതകുമാരിയുടെ വീട് വിൽപ്പന നടത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മകളുടെ വിശദീകരണം.

4വധക്കേസ് പ്രതി രഞ്ജിത്തിന്‍റേത് കൊലപാതകം തന്നെ, ബൈക്കിൽ പോകവെ ടിപ്പ‍ർ ലോറി ഇടിപ്പിച്ചു കൊന്നു; പ്രതി കീഴടങ്ങി

മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് ( 35 ) ഇന്നലെ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കോടതിയിൽ കീഴടങ്ങി. മാരായമുട്ടത്ത് കൊലക്കേസിലെ പ്രതി രഞ്ജിത്ത് ഇന്നലെയാണ് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്. അപകടമരണം കൊലപാതകമാണെന്ന് പൊലീസിന് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. കൊലപാതകത്തിലെ കണ്ണികളിലേക്ക് അന്വേഷണം നീങ്ങവെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. കീഴാറൂർ മരുതംകോട് സ്വദേശി ശരത് ആണ് നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയത്. ഇരുവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന്‍റെ കാരണം. ഇന്നലെ ബൈക്കിൽ പോകുമ്പോഴാണ് രഞ്ജിത്ത് ടിപ്പർ ഇടിച്ച് മരിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

5രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ; അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യ സന്ദർശനം, ഒപ്പം പ്രിയങ്കയും

പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ എത്തുന്നു. നാളെ രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും മണ്ഡലം സന്ദർശിക്കും. സന്ദർശനത്തോട് അനുബന്ധിച്ച് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ്‌ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന പേരില്‍ ഉച്ചയ്ക്ക് 3 മണിക്ക്കൽപ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂൾ പരിസരത്ത് നിന്നാണ് റോഡ്‌ ഷോ ആരംഭിക്കുന്നത്. റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. യുഡിഎഫിലെ മുതിർന്ന നേതാക്കൾ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

6'രാഹുൽ വിദേശത്ത് കാണുന്നത് ആരെയൊക്കെയെന്ന് വ്യക്തമാക്കണം', ഗുലാംനബി ആസാദിന്‍റെ ആരോപണം ആയുധമാക്കി ബിജെപി

രാഹുൽ ഗാന്ധിക്കെതിരായ ഗുലാംനബി ആസാദിന്‍റെ ആരോപണം ആയുധമാക്കി ബിജെപി രംഗത്ത്. രാഹുൽ വിദേശത്ത് പോകുമ്പോൾ കളങ്കിത വ്യവസായികളെ കാണുന്നത് തനിക്കറിയാമെന്ന് ഗുലാം നബി ആസാദ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതാരൊക്കെയാണെന്ന് രാഹുൽ ഗാന്ധി വിശദീകരിക്കണമെന്ന് ബിജപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. വിദേശത്ത് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് രാഹുൽ വ്യക്തമാക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

7അമിത് ഷായുടെ അരുണാചൽ സന്ദർശനം; വിമ‍ർശനവുമായി ചൈന

അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന. ചൈനീസ് അധീന മേഖലയെന്നും സന്ദർശനം പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നാണ് ചൈനീസ് വിദേശകാര്യവക്താവ് അഭിപ്രായപ്പെട്ടത്. അതേസമയം മോദി സർക്കാർ അതിർത്തിയിലെ വികസനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അമിത് ഷാ അരുണാചലിൽ പറഞ്ഞു. കോൺഗ്രസ് നൽകുന്നതിനേക്കാൾ അധികം ശ്രദ്ധ അതിർത്തിയിൽ മോദി സർക്കാർ നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

8കേരളത്തിലേക്ക് മാറ്റില്ല, സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ, ഹർജി സുപ്രീം കോടതി തള്ളി

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കം പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്. എന്നാൽ ഹ‍ർജി സുപ്രീം കോടതി തള്ളുകയായിരുന്നു.

9ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടം: പൊലീസ് കള്ളക്കളിയെന്ന് സംശയം, ആദ്യ എഫ്ഐആറിൽ പേരില്ല

ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടത്തിൽ കേസെടുത്ത പൊലീസ് കള്ളക്കളി നടത്തിയെന്ന് സംശയം. അപകടമുണ്ടായതിന് ശേഷം ആദ്യം തയാറാക്കിയ എഫ് ഐ ആറിൽ നിന്നും ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിന്‍റെ പേര് ഒഴിവാക്കി. 45 വയസുള്ള ആളെന്നുമാത്രമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും ആദ്യ എഫ് ഐ ആറിൽ പേര് ഒഴിവാക്കിയത് ദുരൂഹതയാണ്. അപകടം നടന്നയുടനെ ജോസിന്റെ മകന്റെ രക്തസാമ്പിൾ പരിശോധനയും നടത്തിയില്ലെന്നാണ് വിവരം.

10ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖിന്‍റെ ദില്ലിയിലെ യാത്രയിലും ദൂരൂഹത, മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ യാത്രയിലും ദൂരൂഹത. കാണാതായ ദിവസം ഷാറുഖ് വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തൽ. കേസിൽ ദില്ലിയിൽ മാത്രം മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിനെ കാണാതായ മാർച്ച് 31 ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്നും പോയെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ ഷെഹീൻബാഗിൽ നിന്ന് ഒമ്പത് മണിക്ക് ഇറങ്ങിയ പ്രതി മൂന്നരമണിക്കൂറിന് ശേഷമാണ് ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നാണ് കണ്ടെത്തൽ. യാത്രക്കായി ഇത്രയും നേരം എടുത്തതിൽ പൊലീസ് ദൂരൂഹത കാണുന്നു. ഷഹീൻബാഗിൽ നിന്ന് ഷാറൂഖ് പോയത് എവിടേക്കാണെന്നും ആരെയൊക്കെ കണ്ടുവെന്നും പരിശോധന തുടരുകയാണ്. ഈ സമയം വിളിച്ച ഫോൺ കോളുകളിലേക്കും അന്വേഷണം നീങ്ങുകയാണ്. ഇതിലെ കണ്ടെത്തൽ നിർണ്ണായകമാകുമെന്നാണ് സൂചന.

YouTube video player