"ഈ രണ്ട് ചെറിയ കുട്ടികളുടെ കുടുംബത്തെ ഓർത്ത് ഞങ്ങളുടെ ഹൃദയം തകരുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു"

കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ടക്കര്‍ റോഡിലെ 200ആം ബ്ലോക്കില്‍ നവംബര്‍ 15ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇരട്ടകള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ അടുക്കളയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് മറ്റേയാളെ കുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സഹോദരങ്ങള്‍ തമ്മില്‍ പൊതുവെയുണ്ടാവുന്ന വഴക്കാണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്നും അതിനിടെയാണ് ഈ സംഭവമെന്നും പൊലീസ് വിശദീകരിച്ചു. 

തന്‍റെ പ്രവൃത്തിയിലൂടെ മറ്റേയാളുടെ ജീവന്‍ അപായത്തിലാകുമെന്ന് കുട്ടിക്ക് അറിയുമായിരുന്നില്ല. അതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. "ഈ രണ്ട് ചെറിയ കുട്ടികളുടെ കുടുംബത്തെ ഓർത്ത് ഞങ്ങളുടെ ഹൃദയം തകരുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു" എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

മൃതദേഹത്തിനൊപ്പം യുവാവ് ഉറങ്ങുന്നു! 5 വയസ്സുകാരിയുടെ കുഴിമാടത്തിനരികെ അച്ഛനെ നടുക്കി ആ കാഴ്ച...

കുറ്റകൃത്യമാണെന്ന് അറിയാതെയാണ് പ്രവൃത്തി എങ്കില്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെ കുറ്റം ചുമത്തരുതെന്ന 26ആം പീനല്‍ കോഡ് അധികൃതര്‍ ഉദ്ധരിച്ചു. സംഭവത്തില്‍ കുടുംബത്തിന്‍റെ ഭാഗത്ത് വീഴ്ചയോ അശ്രദ്ധയോ ഉണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയില്ല. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരാണ് ഉണ്ടായിരുന്നത് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബം സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നത് മാനിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.