അമേരിക്കയിൽ 25 വർഷം പഴക്കമുള്ള വ്യാപാര കേന്ദ്രത്തിൽ അഗ്നിബാധ. 579 വളർത്തുമൃഗങ്ങൾക്ക് ദാരുണാന്ത്യം
ഡാലസ്: വ്യാപാര കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ചത്തത് 579 വളർത്തുമൃഗങ്ങൾ. അമേരിക്കയിലെ ഡാലസിൽ വെള്ളിയാഴ്ച രാവിലെയാണ് ഷോപ്പിംഗ് സെന്ററിൽ അഗ്നിബാധയുണ്ടായത്. ഡാലസിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ഹാരി ഹൈൻസ് ബൊളിവാർഡിലെ പ്ലാസാ ലാറ്റിനാ ബാസാറിലാണ് തീപിടുത്തമുണ്ടായത്. വിഷവാതകം ശ്വസിച്ചാണ് ഇവിടെ പ്രവർത്തിച്ചിരുന്ന പെറ്റ് സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 579ലേറെ വരുന്ന മൃഗങ്ങൾ ചത്തത്.
അപൂർവ്വ ഇനത്തിലുള്ള വളർത്തുമൃഗങ്ങളെ വിൽക്കുന്ന പ്രമുഖ കടകളിലൊന്നിലാണ് ഇത്രയധികം ജീവികളെ സൂക്ഷിച്ചിരുന്നത്. പക്ഷികൾ, കോഴികൾ, ഹാംസ്റ്ററുകൾ, നായകൾ, പൂച്ചകൾ എന്നിവ അടക്കമുള്ളവയാണ് ചത്ത മൃഗങ്ങളിലുൾപ്പെടുന്നത്. ഷോപ്പിംഗ് സെന്ററിലുണ്ടായ അഗ്നിബാധ വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിലേക്ക് എത്തിയില്ലെങ്കിലും വിഷ പുക കടയിലേക്ക് എത്തിയതാണ് വലിയ രീതിയിൽ മൃഗങ്ങളെ ബാധിച്ചത്.
ഏറിയ പങ്കും ജീവികളെ ചത്ത നിലയിലാണ് കടയ്ക്ക് പുറത്തേക്ക് എത്തിക്കാനായത്. രക്ഷപ്പെട്ട ചില ജീവികൾക്ക് ഷോപ്പിംഗ് സെൻററിന് പുറത്ത് വച്ച് തന്നെ ചികിത്സ ലഭ്യമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. പന്നിക്കുഞ്ഞുങ്ങളേയും മുയലുകളേയും ഗിനിപന്നികളേയും അഗ്നിരക്ഷാ സേനയ്ക്ക് രക്ഷിക്കാനായിരുന്നു. രണ്ട് ഡസനോളം ജീവികളെ ഇത്തരത്തിൽ രക്ഷിക്കാനായതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് ഷോപ്പിംഗ് സെന്ററിലെ അഗ്നിബാധ ശ്രദ്ധയിൽപ്പെടുന്നത്. അഗ്നിബാധയിൽ ഷോപ്പിംഗ് സെന്ററിന്റെ മേൽക്കൂര പൂർണമായി തകർന്ന നിലയിലാണുള്ളത്. 25 വർഷമായി പ്രവർത്തിക്കുന്നതാണ് ഈ ഷോപ്പിംഗ് കേന്ദ്രം.
