Asianet News MalayalamAsianet News Malayalam

ക്രിസ്തുമസ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച എട്ട് പേര്‍ മരിച്ചു; 120 പേര്‍ ഗുരുതരാവസ്ഥയില്‍

നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയാവാം വിഷബാധയ്ക്ക് കാരണമായതെന്നാണ് കണക്കാക്കുന്നത്. വീടുകളില്‍ ഉണ്ടാക്കുന്ന തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. 

8 dies, 120 in critical condition after drinking coconut wine in party
Author
Manila, First Published Dec 23, 2019, 12:47 PM IST

മനില(ഫിലിപ്പീന്‍സ്): ഉത്സവസീസണില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ നിര്‍മ്മിച്ച തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര്‍ മരിച്ചു. 120 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിലിപ്പീന്‍സില്‍ നടന്ന ക്രിസ്തുമസ് പാര്‍ട്ടിക്കിടെയാണ് ദാരുണസംഭവം. ഇന്ന് രാവിലെയാണ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കഴിച്ച നിരവധിപ്പേര്‍ ആശുപത്രിയിലായത്. 

ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളിലാണ് വിഷബാധയുണ്ടായത്. അവധിക്കാലങ്ങളിലും ആഘോഷവേളകളിലും വ്യാപകമായി തേങ്ങ വൈന്‍ ഉപയോഗിക്കുന്നത് ഈ മേഖലയുടെ പ്രത്യേകതയാണ്. ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈനില്‍ നിന്നാണ് വിഷബാധയുണ്ടായിരിക്കുന്നത്. നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയാവാം വിഷബാധയ്ക്ക് കാരണമായതെന്നാണ് കണക്കാക്കുന്നത്. 

ലഹരി കൂട്ടാന്‍ ഉപയോഗിക്കുന്ന ചില നിയമവിരുദ്ധ വസ്തുക്കള്‍ ഈ വൈനില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയില്‍ തെളിയുമെന്ന് ലഗൂണ മേയര്‍ വ്യക്തമാക്കി. വീടുകളില്‍ ഉണ്ടാക്കുന്ന തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. മെഥനോള്‍ കൂട്ടി തേങ്ങ വൈന്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം തേങ്ങ വൈനില്‍ നിന്നുണ്ടായ വിഷബാധയെ തുടര്‍ന്ന് 21 പേരാണ് മരിച്ചത്. തെങ്ങിന്‍റേയും പനയുടേയും കൂമ്പ് ഉപയോഗിച്ചാണ് ഈ വൈന്‍ നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തേങ്ങ വൈനിന് വന്‍ വിപണി മൂല്യമാണ് ഫിലിപ്പീന്‍സില്‍ ഉള്ളത്. 

Follow Us:
Download App:
  • android
  • ios