Asianet News MalayalamAsianet News Malayalam

മാര്‍ക്ക് കുറയുന്നു, അധ്യാപന രീതികള്‍ മോശമെന്ന് വിദ്യാര്‍ത്ഥികള്‍; മുതിര്‍ന്ന അധ്യാപകനെ പുറത്താക്കി

350 വിദ്യാര്‍ത്ഥികളില്‍ 82 പേരുടെ പരാതിക്ക് പിന്നാലെയാണ് നടപടി. സര്‍വ്വകലാശാലയിലെ ഓര്‍ഗാനിക് കെമിസ്ട്രി പാഠപുസ്തകം തയ്യാറാക്കിയയാള്‍ കൂടിയാണ് പുറത്താക്കപ്പെട്ട മുതിര്‍ന്ന പ്രൊഫസര്‍

84 year old professor  fired after Students blame him for poor grades and class was too hard
Author
First Published Oct 4, 2022, 11:42 PM IST

പഠിപ്പിക്കുന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ ജോലി നഷ്ടമായി അധ്യാപകന്‍. ഓര്‍ഗാനിക് കെമിസ്ട്രിക്ക് മാര്‍ക്ക് കുറയുന്നത് അധ്യാപന രീതികളുടെ പോരായ്മയാണെന്ന വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പിന്നാലെ മുതിര്‍ന്ന അധ്യാപകനെ പുറത്താക്കി സര്‍വ്വകലാശാല. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ മുതിര്‍ന്ന പ്രൊഫസറായ മെയ്റ്റ്ലാന്ഡ് ജോണ്‍സിനെയാണ് വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പിന്നാലെ പുറത്താക്കിയത്. സര്‍വ്വകലാശാലയിലും പുറത്തും ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തില്‍ ഏറെ പ്രശസ്തനായ 84കാരനായ അധ്യാപകനെയാണ് 82 വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പിന്നാലെ പുറത്താക്കിയത്.

350 വിദ്യാര്‍ത്ഥികളെയാണ് സര്‍വ്വകലാശാലയില്‍ ജോണ്‍സ് പഠിപ്പിക്കുന്നത്. ഇവരില്‍ 82 പേരാണ് തുടര്‍ച്ചയായി തങ്ങളുടെ ഗ്രേഡ് മോശമായതിന് പിന്നാലെ അധ്യാപന രീതികളുടെ പോരായ്മകളെ കുറിച്ച് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുടരാന് സാധിക്കാത്ത നിലയില്‍ പാഠഭാഗങ്ങള്‍ കഠിനമാക്കിയെന്നാണ് ജോണ്‍സിനെതിരായ പ്രധാന പരാതി. തുടര്‍ച്ചയായി തങ്ങളുടെ ഗ്രേഡിനേക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും ജോണ്‍സിന്‍റെ ക്ലാസില്‍ ചെലവിട്ട സമയത്തിനും പ്രയത്നത്തിനും കൃത്യമായ ഫലമുണ്ടാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായി വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട് മോശമാകുന്നത് രസതന്ത്ര വിഭാഗത്തേയും സര്‍വ്വകലാശാലയേയും മോശമാക്കുന്നുവെന്നും അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ക്ഷേമത്തിനുമല്ല മുന്‍ഗണന നല്‍കുന്നത് എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് വര്‍ഷങ്ങളായി സര്‍വ്വകലാശാല അധ്യാപകനായ ജോണ്‍സിനെതിരെ ഉയര്‍ന്നത്.

കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രവേശനം നല്‍കിയില്ല, കോഴ്സ് കാലാവധിയില്‍ നടത്തുന്ന പരീക്ഷകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറച്ചു, അധികമായി ക്രെഡിറ്റ് ലഭിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവസരം ഇങ്ങനെ നഷ്ടമായി , അധ്യാപന രീതികള്‍ അനുനയിപ്പിക്കുന്ന തരത്തിലായിരുന്നില്ല എന്നതടക്കം ആരോപണമാണ് ജോണ്‍സ് നേരിടുന്നത്.  അധ്യാപകനെ പുറത്താക്കിയതിന് പിന്നാലെ ട്യൂഷന്‍ ഫീസ് നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാട് രസതന്ത്ര വിഭാഗം സ്വീകരിക്കുമെന്ന് ജോണ്‍സിനോട് സര്‍വ്വകലാശാല വിശദമാക്കിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ രസതന്ത്ര വിഭാഗത്തിലെ മറ്റ് അധ്യാപകര്‍ ജോണ്‍സിനെതിരായ നടപടിയെ പിന്തുണയ്ക്കുന്നില്ലെന്ന് മാത്രമല്ല അതിനെതിരായി പ്രതിഷേധിക്കുന്നുമുണ്ട്. വിദ്യാഭ്യാസ ചെലവ് കൂടുന്നതും വിദ്യാര്‍ത്ഥികളെ ഉപഭോക്താവ് ആയി കാണുന്ന രീതിയുടതുമാണ് തകരാറെന്നാണ് എഴുത്തുകാരിയും ന്യൂയോര്‍ക്ക് സര്‍വ്വകലാശാല അധ്യാപികയുമായ എലിസബത്ത് സ്പിയേര്‍സ് പറയുന്നത്. അധ്യാപകനെതിരായ നടപടി അനുചിതമാണെന്നും എലിസബത്ത് പ്രതികരിക്കുന്നു.

അതേസമയം കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും അവര്‍ക്കായി പാഠ്യഭാഗങ്ങളുടെ വീഡിയോയും മറ്റും തയ്യാറാക്കുന്നതിനായി അയ്യായിരം ഡോളറിലധികം കയ്യില്‍ നിന്ന് ചെലവിട്ടതായും സര്‍വ്വകലാശാലയില് നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ പറയുന്നത്. സര്‍വ്വകലാശാലയിലെ ഓര്‍ഗാനിക് കെമിസ്ട്രി പാഠപുസ്തകം തയ്യാറാക്കിയ അധ്യാപകന്‍ കൂടിയാണ് ജോണ്‍സ്. 

Follow Us:
Download App:
  • android
  • ios