ഇസ്താംബുൾ: ലോകം മുഴുവൻ കൊവിഡ് 19 ഭീതിയിൽ ആശങ്കാകുലരായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലും ചില വാർത്തകൾ പ്രതീക്ഷ നൽകുന്നവയാണ്. തുർക്കിയിലെ 93 വയസ്സുള്ള ആലിയ ​ഗുണ്ടൂസ് മുത്തശ്ശിയാണ് കൊറോണ വൈറസിനെ തോൽപിച്ച് രോ​ഗമുക്തി നേടിയത്. ഇസ്താംബുളിലെ ഹോസ്പിറ്റലിൽ നിന്നാണ് പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആലിയ മുത്തശ്ശി പുറത്തുവരുന്നത്. ഇത്തരം വാർത്തകൾ കൊവിഡ് 19 പ്രതിരോധ പ്രവർത്തകർക്കും രോ​ഗികൾക്കും ആശ്വാസം പകരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. 

'ഈ പ്രായത്തിലുള്ളവർ സുഖം പ്രാപിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രായാധിക്യം തന്നെ പ്രധാന പ്രശ്നം. ഇത്തരക്കാർക്ക് കൊവിഡ് 19 ബാധിച്ചാൽ അപകട സാധ്യത കൂടുതലാണ്.' ചീഫ് ഫിസിഷ്യൻ വ്യക്തമാക്കി. കഠിനമായ പനിയും വയറുവേദനയും വന്നതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒപ്പം ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. പത്ത് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ഇവർ ആശുപത്രി വിട്ടത്. 

'എല്ലാവരും അതിവേ​ഗം സുഖം പ്രാപിക്കട്ടെ എന്നാണ് എന്റെ ആ​ഗ്രഹം.' ആലിയ പറഞ്ഞു. 47000 ത്തിലധികം കൊവിഡ് 19 കേസുകളാണ് തുർക്കിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തിൽ തന്നെ കൊവിഡ് ഏറ്റവുമധികം തകർത്തുകളഞ്ഞ പത്ത് രാജ്യങ്ങളിലാണ് തുർക്കിയുടെ സ്ഥാനവും. ആയിരത്തിലധികം പേരാണ് ഇവിടെ കൊവിഡ് ബാധ മൂലം മരിച്ചത്. അതിവേ​ഗത്തിലാണ് ഇവിടം രോ​ഗം വ്യാപിച്ചു കൊണ്ടിരിക്കുന്നത്.