ഇസ്രയേൽ അമേരിക്കയുടെ വാക്ക് കേട്ടില്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ, ഇറാൻ ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയും വ്യക്തമാക്കി. ഇതിനിടെ, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ യുഎസും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ട്.

ടെഹ്റാൻ: ഇസ്രയേലിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ അവരുടെ ‘യജമാനനായ’ അമേരിക്കയുടെ വാക്ക് കേൾക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഇറാൻ അവരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി വധഭീഷണി നേരിടുന്നുണ്ടെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്‍റെ ഈ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അരാഗ്ചി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ എല്ലാവർക്കും വ്യക്തമായി അറിയാവുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ടെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് സമ്മതിച്ചിട്ടുള്ളതാണ്. അവർ യജമാനനെ അനുസരിച്ചില്ലെങ്കിൽ ഇറാൻ അവരെ പാഠം പഠിപ്പിക്കും. ഞങ്ങളുടെ ജനങ്ങൾക്കോ നേതൃത്വത്തിനോ നേരെ ഉണ്ടാകുന്ന ഏത് ഭീഷണിക്കും ശക്തവും പെട്ടെന്നുള്ളതുമായ മറുപടി ലഭിക്കും’- അരാഗ്ചി കുറിച്ചു.

പിന്മാറില്ലെന്ന് ഇസ്രായേൽ; ട്രംപ് മികച്ച സുഹൃത്തെന്നും പ്രതിരോധ മന്ത്രി

അതേസമയം ഇറാൻ വീണ്ടുമൊരു ആക്രമണത്തിന് മുതിർന്നാൽ ഇസ്രയേൽ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇതിനായി അമേരിക്കൻ സൈന്യത്തിന്റെ പിന്തുണ ലഭിക്കുമോ ഇല്ലയോ എന്നത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും ഇറാന് ആണവായുധം നിർമ്മിക്കാൻ ഒരുകാലത്തും ഇസ്രയേൽ അനുവാദം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റേത് വെറും വിലപേശൽ തന്ത്രങ്ങൾ മാത്രമാണെന്നും കാറ്റ്സ് പരിഹസിച്ചു. അമേരിക്കയുമായുള്ള പ്രതിരോധ പങ്കാളിത്തം ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന്റെ അടുത്ത സുഹൃത്താണെന്നും കൂട്ടിച്ചേർത്തു.

മേഖലയിലെ കടുത്ത സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ശാശ്വത വെടിനിർത്തലിനുമായി യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ ബുധനാഴ്ച ദോഹയിൽ നടന്നു. കഴിഞ്ഞ മാസം ഒപ്പുവെച്ച 14 ഇന താൽക്കാലിക ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഈ സാങ്കേതിക ചർച്ചകൾ നടക്കുന്നത്. ഫെബ്രുവരിയിൽ ഇറാനിൽ യുഎസ്-ഇസ്രയേൽ നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനും 60 ദിവസത്തെ ചർച്ചകളിലൂടെ സ്ഥിരമായ സമാധാന കരാറിലെത്താനുമാണ് ഇരുപക്ഷവും ഇപ്പോൾ ശ്രമിക്കുന്നത്.

Scroll to load tweet…