Asianet News MalayalamAsianet News Malayalam

കുടുംബത്തിനകത്തും പുറത്തും പ്രതിസന്ധികൾ ഏറെ, 73-ാം വയസിലെ രാജപദവിക്കൊപ്പം ചാൾസ് മൂന്നാമനെ കാത്തിരിക്കുന്നത്!

ഏറ്റവും കൂടുതൽ കാലം കിരീടാവകാശി ആയിരുന്ന് എഴുപത്തി മൂന്നാം വയസ്സിൽ ബ്രിട്ടന്റെ രാജാവായ ചാൾസ് മൂന്നാമന്റെ ഔദ്യോഗിക കിരീടധാരണം നടക്കാനിരിക്കുന്നതേ ഉള്ളൂ

About the British monarch  Charles III
Author
First Published Sep 15, 2022, 7:35 PM IST

റ്റവും കൂടുതൽ കാലം കിരീടാവകാശി ആയിരുന്ന് എഴുപത്തി മൂന്നാം വയസ്സിൽ ബ്രിട്ടന്റെ രാജാവായ ചാൾസ് മൂന്നാമന്റെ ഔദ്യോഗിക കിരീടധാരണം നടക്കാനിരിക്കുന്നതേ ഉള്ളൂ. അമ്മ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന് പിന്നാലെ തന്നെ ചാൾസ് രാജാവായിക്കഴിഞ്ഞു. പ്രിവി കൗൺസിൽ അത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. കിരീടധാരണം കുറച്ചു കൂടി ഔപചാരികമായി നടക്കുന്ന ചടങ്ങാണ്. 

എലിസബത്ത് റാണിയുടെ സംസ്കാരച്ചടങ്ങുകൾക്കും ഔദ്യോഗിക ദു:ഖാചരണത്തിനും ശേഷമാണ് അത് നടക്കുക. അച്ഛൻ ജോർജ് ആറാമൻ രാജാവ് മരിച്ച അന്ന്, 1952 ഫെബ്രുവരി ആറിന് തന്നെ എലിസബത്ത് അടുത്ത ഭരണാധികാരി ആയെങ്കിലും ചടങ്ങ് നടന്നത്
1953 ജൂൺ രണ്ടിനാണ്. ആ ചടങ്ങ് ആണ് ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്. അന്നത് കണ്ടത് 20 ദശലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ 900 വർഷമായി ചടങ്ങ് നടക്കുന്നത് വെസ്റ്റ്മിൻസ്റ്റർ അബിയിലാണ്.

ആദ്യമായി അവിടെ വെച്ച് കിരീടം ചൂടിയത് വില്യം ചക്രവർത്തി. വിശുദ്ധ എണ്ണയാൽ ലേപനം ചെയ്ത് രാജകീയ ചിഹ്നങ്ങൾ ഏറ്റു വാങ്ങുന്ന ചാൾസിന്റെ ശിരസ്സിൽ കാന്റർബറി ആർച്ച് ബിഷപ്പ് സെന്റ് എഡ്വേ‍ർഡ് കിരീടം ചൂടിക്കുന്നതോടെ ഔപചാരികമായി ചാൾസ് മൂന്നാമൻ ബ്രിട്ടീഷ് രാജാവായി അവരോധിക്കപ്പെടും. കിരീടധാരണ സമയത്ത് മാത്രം ധരിക്കുന്ന പ്രസ്തുത കിരീടം 1661ലേതാണ്. ചടങ്ങിന്റെ ഉത്തരവാദിത്തം സർക്കാരിന്റേതാണ്. 

About the British monarch  Charles III

ചെലവ് വഹിക്കുന്നതും ക്ഷണിക്കേണ്ട അതിഥികളെ തീരുമാനിക്കേണ്ടതും സർക്കാരാണ്. കൊട്ടാരമല്ല.ലോകത്തെ ഏറ്റവും പ്രശസ്തമായ രാജകുടുംബത്തിൽ നിന്ന് സിംഹാസനത്തിൽ എത്തുന്ന ചാൾസ് മൂന്നാമന്റേത് തികച്ചും ഔപചാരികമായ പദവിയാണ് ആലങ്കാരികമാണ് പ്രധാന ചുമതലകൾ. ഏറ്റവും ഭൂരിപക്ഷം നേടുന്ന പാർട്ടിയുടെ നേതാവിനെ സർക്കാർ രൂപീകരിക്കാൻ നിയോഗിക്കുക, പ്രധാനമന്ത്രിയെ അംഗീകരിക്കുക, പാർലമെന്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക, പാർലമെന്റ് അംഗീകരിക്കുന്ന നിയമത്തിന് തുല്യം ചാർത്തി ഔദ്യോഗികമാക്കുക ,

Read more:ചാൾസ് അധികാരമേൽക്കുമ്പോൾ, കൂടെയുണ്ടായിരുന്നവർക്ക് ജോലി പോകും! ഇടിത്തീയായി നോട്ടീസ്, തുടക്കത്തിലേ കല്ലുകടിയോ?

രാജ്യം സന്ദർശിക്കുന്ന മറ്റ് രാജ്യ ഭരണാധികാരികളെ സന്ദർശിക്കുക, അവർക്കായി വിരുന്ന് നൽകുക, വിദേശ രാജ്യങ്ങളിലും യോഗങ്ങളിലും ബ്രിട്ടനെ പ്രതിനിധീകരിക്കുക തുടങ്ങിയവയാണ് ഔപചാരിക ചുമതലകൾ. സൈന്യമേധാവിയും രാജാവാണ്. രാജ്യത്തിന് ഉദാത്തമായ സംഭാവന ചെയ്ത വ്യക്തികൾക്ക് നൈറ്റ് വുഡ് ബഹുമതി നൽകുന്നതും രാജാവാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃസ്ഥാനവും കോമൺവെൽത്ത് നേതൃസ്ഥാനവും ബ്രിട്ടീഷ് ഭരണാധികാരിക്കാണ്.

ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിന്റെ നിർവചനപ്രകാരം ബ്രിട്ടീഷ് ഭരണാധികാരി വാഴുന്നുണ്ട് പക്ഷേ ഭരിക്കുന്നില്ല. നിയമം തിരിച്ചയക്കാനും അംഗീകരിക്കാതിരിക്കാനും തന്റെ പേരിൽ അധികാരമേൽക്കുന്ന സർക്കാരിനെ പറഞ്ഞു വിടാനും അധികാരം ഉണ്ടെങ്കിലും പൊതുവെ ബ്രിട്ടീഷ് രാജകുടുംബം അങ്ങനെ ചെയ്യാറില്ല. പാർലമെന്റ് തീരുമാനങ്ങൾ പൊതുവെ അംഗീകരിക്കുന്നതാണ് പതിവ്. അപവാദങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. പക്ഷേ വളരെ കുറച്ച് മാത്രം. 1834ൽ വില്യം ആറാമൻ രാജാവ് മെൽബൺ പ്രഭുവിനെ പുറത്താക്കിയിട്ടുണ്ട്. ആൻ റാണി 1708ൽ പാർലമെന്റ് പാസാക്കിയ നിയമം വീറ്റോ ചെയ്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങൾക്കും നാളിതു വരെ മറ്റൊരു ഉദാഹരണം ഉണ്ടായിട്ടില്ല.

പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രാധാന്യവും പ്രാതിനിധ്യവും അംഗീകരിച്ചാണ് രാജകുടുംബം തീരുമാനങ്ങൾ എടുത്തത് എന്ന് ചുരുക്കം. ദേശീയ ഐക്യത്തിന്റേയും ദേശീയാഭിമാനത്തിന്റേയും സ്ഥിരതയുടേയും തുടർച്ചയുടേയും എല്ലാം അച്ചുതണ്ടാണ് ബ്രിട്ടീഷ് രാജാവ് എന്ന പ്രതീകം.ലണ്ടനിലെ ക്ലാരെൻസ് ഹൗസ്, ഗ്ലൗസെസ്റ്റർഷെയറിലെ ഹൈഗ്രോവ് ഭവനം....ഈ പ്രിയ വസതികൾക്ക് ശേഷം ബക്കിങ് ഹാം പാലസ് എന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ മേൽവിലാസങ്ങളിൽ ഒന്നിലേക്ക് ചാൾസ് മൂന്നാമൻ ആയി എത്തുന്പോൾ കൈവരുന്ന മറ്റ് നിരവധി വിശേഷ അംഗീകാരങ്ങളുണ്ട്. ഇനി ഡ്രൈവിങ് ലൈസൻസ് വേണ്ട, പാസ്പോർട്ടും. കാരണം ബ്രിട്ടനിൽ ഇത് രണ്ടും നൽകുന്നത് രാജാവിന്റെ പേരിലാണ്. 

ഒന്നല്ല, രണ്ട് പിറന്നാൾ ആഘോഷിക്കാം. വോട്ട് ചെയ്യേണ്ടതില്ല. അറസ്റ്റ് ഉൾപെടെയുള്ള നിയമ നടപടികളിൽ നിന്ന് പരിരക്ഷ. നാട്ടിലെ അരയന്നങ്ങളും ഡോൾഫിനുകളും തിമിംഗലങ്ങളും എല്ലാം സ്വന്തം. സ്കോട്ട്‍ലൻഡ് സ്വാതന്ത്ര്യം, യൂറോപ്യൻ  യൂണിയനിൽ നിന്നുള്ള വിടുതൽ, രാജവാഴ്ചയുടെ പ്രസക്തിയെ കുറിച്ചുള്ള ചോദ്യങ്ങൾ, ചെലവുകളുടെ രാഷ്ട്രീയം തുടങ്ങി പുതിയ രാജാവിന്റെ മുന്നിൽ വിഷയങ്ങൾ നിരവധിയാണ്.

ഡയാന രാജകുമാരിയെ കണ്ണീരു കുടിപ്പിച്ച ഭർത്താവ് എന്ന പേരിലുള്ള അനിഷ്ടം തീർത്തും ബ്രിട്ടീഷുകാർക്ക് പോയിട്ടുമില്ല. ഇളയ മകൻ എഴുതുന്ന പുസ്തകം ഇനി എന്തൊക്കെ പൊല്ലാപ്പ് ഉണ്ടാക്കുമെന്ന ആശങ്ക വേറെ. ചാൾസ് മൂന്നാമന് തലവേദനകൾ ചെറുതല്ല. കാത്തിരുന്ന് കാണാം. കുടുംബത്തിനകത്തും പുറത്തുമുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും നേരിട്ട് ഏറ്റവും കൂടുതൽ ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന, രാജകുടുംബത്തിന്റെ പേരും വിലാസവും തകരാതെ നോക്കിയ അമ്മയുടെ മകൻ എങ്ങനെ മുന്നോട്ടു പോകുന്നു എന്ന്.

Follow Us:
Download App:
  • android
  • ios