വാഷിംഗ്ടൺ: ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടയിൽ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ‍് ട്രംപ് അറിയിച്ചു. 

വടക്ക് പടി‌ഞ്ഞാറൻ സിറിയിയൽ ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക അറിയിക്കുന്നത്. സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകളായ ഡെൽറ്റ ഫോഴ്സാണ് ദൗത്യം നിർവഹിച്ചതെന്നും സൈനിക നടപടികൾ തത്സമയം വീക്ഷിച്ചുവെന്ന് പറഞ്ഞ ട്രംപ്, ബാഗ്ജദാദിയുടെ അവസാന നിമിഷങ്ങൾ ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്ന് പറഞ്ഞു. അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് തന്‍റെ മൂന്ന് കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് പറയുന്നത്. ഈ മൂന്ന് കുട്ടികളും പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടുവെന്നും ട്രംപ് അറിയിച്ചു.

" ഒരു തുരങ്കത്തിനകത്തേക്ക് കരഞ്ഞ് ബഹളം വച്ച് കൊണ്ട് ഓടിയ ബാഗ്ദാദി അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് വിറച്ചു",'ട്രംപ് പറയുന്നു. ഒരു അമേരിക്കൻ സൈനികൻ പോലും ഓപ്പറേഷനിൽ കൊല്ലപ്പെട്ടില്ലെന്നും ബാഗ്ദാദിയുടെ അനുയായികൾ അക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

രണ്ട് മണിക്കൂർ മാത്രമാണ് സൈനിക നടപടി നീണ്ട് നിന്നതെന്നാണ് അമേരിക്ക അറിയിക്കുന്നത്. വളരെ സുപ്രധാനമായ വിവരങ്ങൾ ആക്രമണത്തിന് ശേഷം ഇവിടെ നിന്ന് കണ്ടെത്തിയതായും ട്രംപ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥലത്ത് നിന്ന് 11 കുട്ടികളെ അമേരിക്കൻ സൈന്യം രക്ഷിച്ചതായും ഡൊണാൾഡ് ട്രംപ് അറിയിച്ചു. 

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഐയാണ് അബൂബക്കര്‍ അല്‍- ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ്ദാദിയെ ലക്ഷ്യംവെച്ച് ആക്രമണം നടത്തിയതെങ്കിലും ജീവനോടെ പിടികൂടുന്നതിന് മുമ്പ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഡിഎന്‍എ, ബയോമെട്രിക് ടെസ്റ്റുകളുകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് ബാഗ്ദാദിയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

ബഗ്ദാദിയുടെ താവളത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകിയതിന് റഷ്യക്കും, തുർക്കിക്കും, സിറിയക്കും, ഇറാഖിനും നന്ദി പറഞ്ഞ ട്രംപ് സിറിയൻ കുർദുകൾക്കും അഭിനന്ദനം അറിയിച്ചു. രണ്ടാഴ്ചയായി ബഗ്ദാദി നിരീക്ഷണത്തിലായിരുന്നുവെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ആരായിരുന്നു അബൂബക്കർ അൽബാഗ്ദാദി ?

1971 ല്‍ ഇറഖിലെ സാമ്രയിലെ ഒരു ഇടത്തരം സുന്നി കുടുംബത്തിലായിരുന്നു ബാഗ്ദാദിയുടെ ജനനം. ഇസ്ലാമിക് സ്റ്റഡീസില്‍ 1996 ല്‍ ബാഗ്ദാദില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് തന്‍റെ ബിരുദാനന്തബിരുദവും പിഎച്ച്ഡിയും ഖുറാന്‍ സ്റ്റഡീസില്‍ പൂര്‍ത്തിയാക്കി. തന്‍റെ പ്രദേശത്തെ കുട്ടികള്‍ക്കും പ്രദേശത്തെ പള്ളിയിലും ഖുറാന്‍ പഠങ്ങള്‍ പകര്‍ന്നു നല്‍കി. പിന്നീട് ഒരു ബന്ധുവിന്‍റെ സ്വാധീനത്തില്‍ തീവ്രമുസ്‍ലിം വാദങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പിന്നീട് തീവ്ര മുസ്‍ലിം വിഭാഗത്തിന്‍റെ ഏറ്റവും വലിയ വക്താക്കളില്‍ ഒരാളായി ബാഗ്ദാദി മാറി. 2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി സ്വയം അവരോധിക്കുകയായിരുന്നു ഇയാൾ.

2014 ജൂൺ 9 ന് ഐഎസ്ഐസ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ആക്രമിച്ചു. അതോടെ സിറിയയിലെ റഖ മുതൽ മൊസൂൾ വരെയുള്ള വലിയൊരു പ്രദേശം ഇവരുടെ അധീനതയിലായി. തുടർദിവസങ്ങിൽ വടക്ക് കിഴക്കൻ ഇറാഖിലെ വലിയൊരു പ്രദേശം ഇവൻ കീഴടക്കി. എല്ലായിടത്തുനിന്നും ഇറാഖി സൈന്യം പാലായനം ചെയ്തു. 2014 ജൂൺ 29ന് തങ്ങളുടെ കീഴിലുള്ള അധീന പ്രദേശങ്ങൾ മുഴുവൻ ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതായും നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ ഖലീഫ ആയി തെരെഞ്ഞെടുതതായും പേര് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്ന് മാറ്റിയതായും പ്രഖ്യാപിച്ചു. 2017 മേയില്‍  വ്യോമാക്രണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് നേരത്തെ യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു. 

ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.