താലിബാൻ കാബൂളിലേക്ക് മുന്നേറ്റം തുടരവേ, അധികാരം പങ്കിടാനൊരു ഫോർമുല മുന്നോട്ട് വയ്ക്കുകയാണ് അഫ്ഗാൻ ഭരണകൂടം. ഖാണ്ഡഹാർ വീണു, കാബൂളിന്‍റെ അതിർത്തി പങ്കിടുന്ന ലോഗർ പ്രവിശ്യയും വീണു. ഇനി കാബൂളോ?
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ മുന്നേറ്റം. ഖാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാൻ പിടിച്ചടക്കി. അതിനിടെ, സമാധാനനീക്കങ്ങൾക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു.
ഖാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിൽ 3 തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാൻ പിടിയിലായത്. കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യയാണ് ഏറ്റവും ഒടുവിൽ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി.
കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനിൽപ്പ് തുടരുമെന്ന് അഫ്ഗാൻ സർക്കാർ വ്യക്താക്കുമ്പോഴും, പല മേഖലകളിലും കാര്യമായ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാൻ മുന്നേറ്റം. സമാധാന നീക്കങ്ങൾക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ അറിയിച്ചു.
സംഘർഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടണും കൂടുതൽ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അവരവരുടെ പൗരൻമാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമാക്കുകയാണ് ഇരുരാജ്യങ്ങളും. സുരക്ഷിത പാതയൊരുക്കി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഈ ആഴ്ച തന്നെ തിരികെ എത്തിക്കാനാണ് ശ്രമം.
അഫ്ഗാനിൽ നിന്ന് കൂട്ടപ്പലായനം
യുദ്ധഭീതിയിൽ അഫ്ഗാനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 4 ലക്ഷം കടന്നുവെന്നാണ് യുഎൻ റിപ്പോർട്ടുകൾ. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് നീങ്ങുമേന്നും യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി.
Read More: നികുതി പിരിക്കാന്‍ മേയര്‍മാര്‍; ശിക്ഷ വിധിക്കാന്‍ ജഡ്ജുമാര്‍, താലിബാന്‍ ഭരണം തുടങ്ങി
