വിമാനത്താവളങ്ങൾക്ക് പിന്നാലെ സൗദിയിലെ എണ്ണക്കമ്പനികൾക്കും ജീവനക്കാർക്കും നേരെ ഹൂത്തികളുടെ പുതിയ ഭീഷണി. ഹൂത്തികളെ പൂർണ്ണമായി നേരിടുമെന്ന് യെമൻ വ്യക്തമാക്കിയപ്പോൾ, സൗദിക്ക് പൂർണ്ണ പിന്തുണയുമായി പാകിസ്ഥാൻ രംഗത്തെത്തി.

റിയാദ്: എയർപോർട്ടുകൾക്ക് പിന്നാലെ സൗദിയിലെ എണ്ണക്കമ്പനികൾക്കും എണ്ണയുൽപാദക മേഖലകൾക്കും നേരെ ഹൂത്തികളുടെ പുതിയ ഭീഷണി. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് മുന്നറിയിപ്പ്. അതിനിടെ ഹൂത്തികളുടെ ഭീഷണി ഇല്ലാതാക്കാൻ തന്നെയാണ് ലക്ഷ്യമെന്ന് യെമൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. മക്കാ കരാറിന്റെ ഭാഗമായി സൗദിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.

എണ്ണക്കമ്പനികളിലും റിഫൈനറികളിലും ജോലി ചെയ്യുന്നവർ ജീവൻ സുരക്ഷിതമാക്കണമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. അർത്ഥം, ആക്രമണം ഉണ്ടായേക്കുമെന്ന് തന്നെ. റിയാദ് കിങ് ഖാലിദ്, അബഹ അന്താരാഷ്ട്ര വിമാനത്താവളം, നജ്റാൻ വിമാനത്താവളം എന്നിവ ആക്രമിച്ചതിന് പുറമെയാണിത്. ഇതോടെ നിരപരാധികളുടെ ജീവൻ അപകടത്തിലാകുന്ന സ്ഥിതിയായി. വിമാനത്താവളങ്ങളിലേക്കുള്ള ഹൂത്തി ആക്രമണത്തെ തുടർന്ന്, ഇന്ത്യൻ വിമാന കമ്പനികളുടെ വിമാന സർവ്വീസുകളുടെ നിയന്ത്രണം ഇന്നുകൂടി തുടരും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാസ എയർ എന്നിവർ ഇന്നു വരെ സർവ്വീസ് നിയന്ത്രിച്ചിട്ടുണ്ട്. ഹൂത്തികൾക്കെതിരെ പിന്നോട്ടില്ലെന്ന് യെമൻ വ്യക്തമാക്കുന്നു. യെമൻ സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് മുഴുവൻ മേഖലകളും കൊണ്ടു വരാതെ സംഘർഷം അവസാനിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രി അഫ്ര അൽ സൗബ പറഞ്ഞത്. മക്ക കരാറിന്റെ ഭാഗമായി സൗദിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്ന് പാക് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കി. സൗദിക്ക് നേരെയുള്ള ആക്രമണങ്ങളെ ഷഹബാസ് ഷരീഫ് അപലപിച്ചു. പാക് പോർവിമാനങ്ങളും സൈനികരും നിലവിൽ സൈനിക നടപടികളിൽ ഭാഗമാണ്. ഇതിനിടെ ഹോർമൂസിൽ ഒരു കപ്പൽ മൈനിൽ തട്ടി തകർന്നതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു.