മുറിയിൽ കടന്നുകയറിയ പ്രതി എയര്‍ ഹോസ്റ്റസിനെ വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹാങ്ങര്‍ കൊണ്ട് ആക്രമിച്ചു. 

ലണ്ടന്‍: ലണ്ടനിലെ ഹോട്ടല്‍ റൂമില്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടനിലെ ഹീത്രൂവില്‍ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുലര്‍ച്ചെ 1.30ന് ഹോട്ടല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന എയർ ഹോസ്റ്റസിന് നേരെയാണ് ക്രൂരമായ അതിക്രമം ഉണ്ടായത്. മുറിയില്‍ അതിക്രമിച്ച് കയറിയ പ്രതി യുവതി ആക്രമിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹാങ്ങര്‍ ഉപയോഗിച്ച് യുവതിയെ ഉപദ്രവിച്ച ഇയാള്‍ യുവതി വാതില്‍ വഴി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ നിലത്തുകൂടി വലിച്ചിഴച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ നിലവിളി കേട്ട് അടുത്ത റൂമുകളിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഓടിയെത്തി. ഈ സമയം അക്രമി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസിനെ വിളിക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ക്രൂ അംഗത്തിലെ യുവതിയുടെ സുഹൃത്തിനെയും സഹായത്തിനായി കൂടെ നിര്‍ത്തി. 

Read Also -  വീട്ടിലേക്ക് ഫോൺ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രവാസി മലയാളി മരിച്ചു

തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടി. പ്രമുഖ ഹോട്ടലില്‍ വെച്ച് നിയമവിരുദ്ധമായി കടന്നുകയറി ക്രൂ അംഗത്തെ ആക്രമിച്ച സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും പ്രഫഷണല്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ യുവതിക്കും സഹപ്രവര്‍ത്തകര്‍ക്കും ടീമിനും എല്ലാ പിന്തുണയും നല്‍കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. നീതി ലഭിക്കുന്നതിനായി പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ഹോട്ടല്‍ മാനേജ്മെന്‍റുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും യുവതിയുടെ സ്വകാര്യതയെ മാനിക്കണമെന്നും എയര്‍ ഇന്ത്യ അഭ്യർത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം