അമേരിക്കൻ എയർലൈനിന്റെ ഡാലസിൽ നിന്നുളള വിമാനത്തിന്റെ ക്യാബിനിൽ പടർന്നത് ശുചിമുറിയിൽ നിന്നുള്ള വെള്ളം. വിമാനം 30000 അടി ഉയരത്തിലുള്ളപ്പോഴായിരുന്നു പിൻ ഭാഗത്തെ ശുചിമുറിയിൽ ലീക്കുണ്ടായത്
ഡാലസ്: ശുചിമുറിയിൽ പൈപ്പ് ലീക്കായി വിമാനത്തിന്റെ ക്യാബിനിൽ നിറഞ്ഞ് വെള്ളം. വെള്ളത്തിലായി യാത്രക്കാർ. അമേരിക്കയിലാണ് സംഭവം ഉണ്ടായത്. പല രീതിയിലുമുള്ള വിമാന അപകട സംഭവങ്ങൾ വാർത്തയായിട്ടുണ്ടെങ്കിലും 30000 അടി ഉയരത്തിൽ പറന്ന് കൊണ്ടിരിക്കുന്ന വിമാനത്തിന്റെ ക്യാബിനിൽ വെള്ളം നിറയുന്ന സംഭവങ്ങൾ അപൂർവ്വമായാണ് ഉണ്ടായിട്ടുള്ളത്. അമേരിക്കൻ എയർലൈനിന്റെ വിമാനത്തിലാണ് സംഭവമുണ്ടായത്. ഡാലസിൽ നിന്ന് മിനെപോളിസിലേക്ക് ഡിംസംബർ 7ന് പുറപ്പെട്ട വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്.
പെട്ടന്ന് ക്യാബിനിൽ വെള്ളം വന്നതോടെ 30000 അടി ഉയരത്തിലുള്ള യാത്രക്കാർ വെള്ളപ്പൊക്കമാണോയെന്ന് ഭയക്കുന്ന സാഹചര്യമാണ് ഉണ്ടായത്. വിമാനത്തിന്റെ പിൻഭാഗത്തെ ശുചിമുറിയിലുണ്ടായ ലീക്കാണ് ക്യാബിനുള്ളിലെ വെള്ളക്കെട്ടിന് കാരണമായത്. ശുചിമുറി ഉപയോഗിക്കാൻ ശ്രമിച്ച യാത്രക്കാരി ലീക്ക് ക്യാബിൻ ക്രൂ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ലീക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ശുചിമുറിയിൽ നിന്ന് വെള്ളം ക്യാബിനിലേക്ക് പരക്കുകയും ആയിരുന്നു. കാൽച്ചുവട്ടിലേക്ക് വെള്ളമെത്തിയതോടെ യാത്രക്കാർ ഭയന്ന് കാലുകൾ പൊക്കി സീറ്റിന് മുകളിലേക്ക് വച്ച് ഇരിക്കുന്ന അവസ്ഥയുണ്ടായി.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ടൈറ്റാനിക് സിനിമയിലെ പ്രശസ്തമായ ഗാനത്തിന്റെ അകമ്പടിയിലുള്ള വീഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. ബോയിംഗ് 737 മോഡൽ വിമാനമായിരുന്നു സർവ്വീസിനുപയോഗിച്ചത്.
നേരത്തെ ഓഗസ്റ്റ് 7നും സമാനമായ സംഭവം ഉണ്ടായിരുന്നു. അമേരിക്കൻ എയർലൈനിന്റെ ഡാലസിൽ നിന്ന് സ്പെയിനിലേക്കുള്ള വിമാനത്തിലാണ് സമാനമായ ലീക്കുണ്ടായത്. ന്യൂയോർക്കിന് മുകളിലൂടെ വിമാനം പോകുമ്പോഴാണ് ലീക്ക് ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ വിമാനം അടിയന്തരമായി ജഎഫ്കെ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഇന്ധനം മുഴുവൻ ഉപയോഗിച്ച് തീർത്ത ശേഷമായിരുന്നു ഈ അടിയന്തര ലാൻഡിംഗ് നടത്തിയത്.
