സൗദി സന്ദർശനത്തിൽ അമേരിക്ക - സൗദി ആണവ സഹകരണവും യാഥാർഥ്യമാകും

ന്യൂയോർക്ക്: പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഒരുങ്ങുന്നുവെന്നു റിപ്പോർട്ട്. ഈ മാസം സൗദി സന്ദർശിക്കുന്ന ഡോണൾഡ് ട്രംപ് ഈ പ്രഖ്യാപനം നടത്തുമെന്നാണ് ഇസ്രായേൽ മാധ്യമമായ ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദിയിൽ വെച്ച് ഡോണൾഡ് ട്രംപ് ഗൾഫ് - അമേരിക്ക ഉച്ചകോടിയിൽ പങ്കെടുക്കും. അതേസമയം ഹമാസിനെ അംഗീകരിക്കില്ല എന്നും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടിൽ പറയുന്നു. 

സൗദി സന്ദർശനത്തിൽ അമേരിക്ക - സൗദി ആണവ സഹകരണവും യാഥാർഥ്യമാകും. ഊർജം ആവശ്യങ്ങൾക്കായി ആണവ റിയാക്ടർ നിർമ്മിക്കാൻ ഒരുങ്ങുകയാണ് സൗദി. ഈ ഉദ്യമത്തിനാകും അമേരിക്ക സഹകരിക്കുക. സൗദിക്ക് ശേഷം യു എ ഇ, ഖത്തർ എന്നിവിടങ്ങളും അമേരിക്കൻ പ്രസിഡന്‍റ് സന്ദർശിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കശ്മീരിന്‍റെ കാര്യത്തിൽ ആരും മധ്യവസ്ഥത വഹിക്കാൻ തയ്യാറാണെന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദ്ദേശത്തോട് താൽപ്പര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്‍റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ഇക്കാര്യത്തില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. "കശ്മീരിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ വ്യക്തമായ നിലപാടുണ്ട്. ഒരേയൊരു കാര്യം മാത്രമേ ബാക്കിയുള്ളൂ. പാക് അധീന കശ്മീര്‍ (പിഒകെ) തിരികെവേണം. മറ്റൊന്നും സംസാരിക്കാനില്ല. ഭീകരരെ കൈമാറുന്നതിനെക്കുറിച്ച് അവർ സംസാരിക്കുകയാണെങ്കിൽ, അതിലും ചര്‍ച്ചയാകാം. ആരും മധ്യസ്ഥത വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആരുടെയെങ്കിലും മധ്യസ്ഥത ഞങ്ങൾക്ക് ആവശ്യമില്ല" - കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്‍റെ പ്രതികരണങ്ങളെല്ലാം വന്നത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്. സമാധാനം പുലരാൻ പ്രയത്നിച്ച രണ്ട് രാഷ്ട്ര തലവന്മാർക്കും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങുന്നത്. ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീർ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ്. എന്നാൽ ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള നീക്കങ്ങൾ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.